ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അഭിമുഖത്തിനിടെ തന്നെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടി മരട് പൊലീസില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അവതാരക. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. എഫ്‌ഐഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയും പരാതിക്കാരിയും കേസ് പിന്‍വലിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ 21 ന് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ വച്ച് പരസ്യമായി അസഭ്യം പറഞ്ഞന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അസഭ്യം പറയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു മരട് പൊലീസ് കേസ് എടുത്തത്. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം നടന്റെ അറസ്റ്റും രേഖപ്പെടുത്തി. നടനെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.



