ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാര്‍പാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് 3 ദിവസം ദുഃഖാചരണം

ദില്ലി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്‌കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സാസിസ് മാര്‍പാപ്പ ഇന്ത്യന്‍ സമയം രാവിലെ 11.05 നാണ് കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാന്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാര്‍ച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി അദ്ദേഹം ചുമതല ഏറ്റത്.

കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം. ഹോര്‍ഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാര്‍പാപ്പയായപ്പോള്‍ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസെന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിച്ചത്. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി.

ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസനത്തിന്റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിനും ശേഷമാണ് അദ്ദേഹത്തിന്റെ വിയോഗം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top