മന്‍മോഹന്‍ സിങിന് ഇന്ന് രാജ്യം വിടചൊല്ലും; സംസ്‌കാരം 11.45ന്

HIGHLIGHTS : The nation will bid farewell to Manmohan Singh today; funeral to be held at 11.45 am

phoenix
careertech

ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍ നടക്കും. പകല്‍ 11.45ന് ആയിരിക്കും സംസ്‌കാരമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സമ്പൂര്‍ണ സൈനികബഹുമതികളോടെയായിരിക്കും സംസ്‌ക്കാരം നടക്കുക.

മന്‍മോഹന്‍ സിങ്ങിന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ എട്ടിന് ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്നും എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് പൊതുദര്‍ശനം. 9.30-ന് ശേഷം നിഗം ബോധ്ഘട്ടിലേയ്ക്കുള്ള യാത്ര തുടങ്ങും. വെള്ളിയാഴ്ച ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ രാഷ്ട്രപ്രതി ദ്രൗപതി മുര്‍മുവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റുമന്ത്രിമാര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

sameeksha-malabarinews

അതേസമയം മുന്‍ പ്രധാനമന്ത്രിയുടെ സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്ഘട്ടില്‍ സംസ്‌കാരം നടത്താത്തതില്‍ വിവിധ കോണുകളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

മന്‍മോഹന്‍ സിങിനായി നിര്‍മിക്കുന്ന സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ മൃതദേഹത്തിന്റെ സംസ്‌കാരം നടത്താത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. എന്നാല്‍ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുറത്തുവിട്ടു. ഇതില്‍ ഗംഗാതീരത്ത് രാജ്ഘട്ടില്‍ സംസ്‌കാരം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും രംഗത്ത് വന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്‌കാരം നടത്തണം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് സുഖ്ബീര്‍ സിങ് ബാദലും വിമര്‍ശിച്ചു. രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും കുറ്റപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!