സാമൂഹിക, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ ദേശവിരുദ്ധ പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നത് ശക്തമാക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
.
ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ വ്യാപകമായ തെറ്റായ പ്രചാരണം നടത്തുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചോ ഈ ഓപ്പറേഷനെക്കുറിച്ചോ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം അധികൃതരോട് ആവശ്യപ്പെട്ടു.
രാജ്യത്തോ വിദേശത്തോ എവിടെ നിന്നും ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി കണ്ടെത്തിയാല്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




