തിരുവനന്തപുരം: ചിറയിന്‍കീഴില്‍ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞമാസം 28 ന് നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോഴേക്കും ചന്ദ്രന്‍ അവശനിലയിലായിരുന്നു. വീട്ടില്‍ വെച്ച് കലശലായ ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനാല്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ചന്ദ്രന്‍ കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു. കടുത്ത മര്‍ദ്ദനം ഏറ്റതാകാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകു.




