
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കുനേരെ ഓട്ടോ ഡ്രൈവറുടെ അക്രമം. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പാണ്ടിക്കാട് കൊടശേരി കൊണ്ടേങ്ങാടന്‍ അബ്ദു റഷീദി (48)നെ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. ഇയാളെ അറസ്റ്റു ചെയ്തു.
ബസ് ഡ്രൈവര്‍ പുലാമന്തോള്‍ സ്വദേശി സുനിലിന് നേരെയായിരുന്നു അക്രമം. പുലര്‍ച്ചെ അഞ്ചിന് എറണാകുളത്തേക്ക് ബസുമായി പുറപ്പെടുമ്പോള്‍ ട്രാക്കിന് മുന്‍വശം നിര്‍ത്തിയിട്ട ഓട്ടോ ഹോണ്‍ മുഴക്കിയിട്ടും മാറ്റിയില്ല. ഓട്ടോ മാറ്റാന്‍ വീണ്ടും ആവശ്യപ്പെട്ടതോടെ ക്ഷുഭിതനായ അബ്ദുറഷീദ് ബസില്‍ കയറി ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന സുനിലിന്റെ കോളറില്‍ പിടിച്ച് അസഭ്യം പറഞ്ഞു. ബസില്‍ നിന്നിറങ്ങിയ തന്നെ ഓട്ടോയുടെ സീറ്റിനടിയില്‍ നിന്ന് ലിവറും കത്തിയുമെടുത്ത് ഓട്ടോ ഡ്രൈവര്‍ കുത്താന്‍ ശ്രമിച്ചതായും സുനില്‍ പറയുന്നു.
സുനില്‍ അക്രമം തടയുന്നതിനിടെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഗിരീഷ്, മറ്റൊരു ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെത്തി അബ്ദുറഷിദിനെ പിടികൂടി പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലെത്തിച്ചു. ബസില്‍ കയറാനുള്ള ആളുമായി എത്തിയതാണ് അബ്ദുറഷിദ്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




