രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്ക് നിയമസഭയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട പ്രഖ്യാപനങ്ങളുമുണ്ടാകും.

വിവിധ സേവന നിരക്കുകള്‍ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റില്‍ ഊന്നലുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാര്‍ട്ടപ്പുകളും മുതല്‍ സ്വകാര്യ സര്‍വ്വകലാശാലകളടക്കം പ്രഖ്യാപിത ഇടത് നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമായ നയസമീപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ കുടുതല്‍ പണം ബജറ്റില്‍ നീക്കിവെക്കാന്‍ സാധ്യതയുണ്ട്. വന്യജീവി പ്രശ്‌നത്തിനെതിരെ ജനരോഷം ഉയരുന്നത് പതിവാവുകയും, പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മലയോര മേഖലയിലെ പ്രശ്നപരിഹാരത്തിന് കുടുല്‍ പരിഗണന ലഭിക്കും.

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുരധിവാസത്തിനും ക്ഷേമത്തിനും പദ്ധതികള്‍ സംസ്ഥാന ബജറ്റി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചേക്കും. നേരത്തെ, കേന്ദ്ര ബജറ്റില്‍ വയനാടിനെ പരിഗണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരുവിധ പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നില്ല. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരന്തബാധിതരെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്‍പ്പടെ സംസ്ഥാനം കുടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. വരുമാനം ഉറപ്പാക്കാന്‍ വയനാടിനായി സെസ് അടക്കം ചുമത്താമെന്നുള്ള നിര്‍ദേശവും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സ്വകാര്യ വ്യവസായ പാര്‍ക്ക്, സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കല്‍, നിര്‍മിതബുദ്ധി (എഐ), സ്റ്റാര്‍ട്ടപ്പ് എന്നിവയ്ക്കും ഈ ബജറ്റില്‍ പരിഗണന നല്‍കിയേക്കും ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏറെക്കാലമായി വര്‍ധിപ്പിക്കാത്ത ഫീസുകളും പിഴത്തുകകളും നികുതികളും പരിഷ്‌കരിക്കുകയാണ് വരുമാനം കൂട്ടാനുള്ള മാര്‍ഗങ്ങള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top