പെരുമ്പാവൂരില്‍ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ആളൊഴിഞ്ഞ പ്രദേശത്തെ തോടിന്റെ കരയില്‍ ഉപേക്ഷിച്ച സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. ഇതില്‍ കുട്ടിയുടെ മാതാപിതാക്കളായ ആസാം നാഗോണ്‍ ജില്ല, പാട്ടിയ ചപ്പോരി വില്ലേജ് സ്വദേശി മുക്ഷിദുല്‍ ഇസ്ലാം 31, ഇയാളുടെ ഭാര്യ മുഷിതാ ഖാത്തൂന്‍ എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ എട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. വാടകവീട്ടില്‍ താമസിച്ചുവന്ന ഇവര്‍ കുട്ടിയുടെ മൃതശരീരം മുടിക്കല്‍ സ്‌കൂള്‍പടി ഭാഗത്തെ പഴയ ഇരുമ്പു പാലത്തിനടുത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കുട്ടിയുടെ മരണകാരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പിന്നീട് റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തിലാണ് പെരുമ്പാവൂര്‍ പൊലീസ് ദമ്പതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
നാട്ടില്‍നിന്ന് സംഭവദിവസം തന്നെ കടന്നുകളഞ്ഞ ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചു എങ്കിലും പാലക്കാട് വച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട് പെരുമ്പാവൂര്‍ പൊലീസ് അസാമില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതശരീരം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞ ശേഷം പൊലീസിന്റെ നേതൃത്വത്തില്‍ വെങ്ങോല പൊതുശ്മശാനത്തില്‍ എത്തിച്ച സംസ്‌കാരം നടത്തി. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടി നിയമം 302 വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തതായി പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




