കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് തോലുരിച്ച് കഷണങ്ങളാക്കുന്ന അതിക്രൂരമായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കോഴിയെ ജീവനോടെ കൊന്ന തമിഴ്‌നാട് കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കോഴി കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് കൊല്ലങ്കോട് പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങളും കശാപ്പ് ചെയ്യുന്ന ദൃശ്യങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തോലുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാല്‍ ജീവനോടെ കോഴിയെ തോലുരിക്കുന്നത് ആസ്വദിക്കുന്ന മനുവിനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റിയത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.




