കോഴിക്കോട്: മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്. താമരശ്ശേരി ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
കഴിഞ്ഞ മാര്‍ച്ചില്‍ 1 നാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍
ആല്‍ബം താരവും പ്രശസ്ത വ്ളോഗറുമായ ഇരുപത്തിയൊന്നുകാരി റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശിയാണ് റിഫ.
ഇന്‍സ്റ്റഗ്രാം വഴി പരിജയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ജോലി ആവശ്യാര്‍ത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. മരണത്തില്‍ ദുരൂഹതയുള്ളതിനാലാണ് മെഹ്നാസിനെതിരെ റിഫയുടെ പിതാവും മാതാവും പരാതി നല്‍കിയത്. ഇരുവര്‍ക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തിയാണ് റിഫ ദുബായിലേക്ക് പോയത്.
ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്‌ററഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. മരിക്കുന്നതിന്‌റെ ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ചെയ്ത വിഡിയോ സ്റ്റോറിയാണ് അവസാന പോസ്റ്റ്.




