കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഘത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്

കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ യുവതിയെ കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രി കൊച്ചി സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറില്‍ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കള്‍ യുവതിയെ കാറില്‍ കയറ്റി. സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്.

കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറില്‍ കേറ്റിയപ്പോള്‍ സുഹൃത്തായ സ്ത്രീ മനപൂര്‍വ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

 

Share news
error: Content is protected !!
Scroll to Top