ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ സജീവം;റീല്‍സ് ചെയ്യുന്നതും അഭിനയിക്കുന്നതിനും ഇഷ്ടമല്ല ;യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ചെന്നൈ:സമൂഹമാധ്യമങ്ങളില്‍ സജീവമായ ഭാര്യയെ അത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ ചിത്രയെ (38) ആണ് ഭര്‍ത്താവ് അമൃതലിംഗം (38) ഷാള്‍ കുരുക്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അമൃതലിംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. അമൃതലിംഗം പാളയം പച്ചക്കറി ചന്തയിലെ തൊഴിലാളിയാണ്. ചിത്ര ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 33,000 ഫോളോവേഴ്‌സാണ് ചിത്രക്ക് ഉണ്ടായിരുന്നത്.

ഈ അടുത്തിടെ സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ ചിത്രയ്ക്ക് അവസരം ലഭിച്ചിരുന്നു.

ഭര്‍ത്താവിന് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതും സിനിമയില്‍ അഭിനയിക്കുന്നതും തീരെ ഇഷ്ടമായിരുന്നില്ല . അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു അത്രേ. എന്നാല്‍ ഭര്‍ത്താവിന്റെ എതിര്‍പ്പുണ്ടായിട്ടും ചിത്ര ഇന്‍സ്റ്റഗ്രാമില്‍ റിലീസ് ചെയ്യുന്നത് തുടര്‍ന്നിരുന്നു. ഇതിനിടയിലാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് മാസം മുന്‍പ് ചിത്ര സിനിമയില്‍ അഭിനയിക്കാനായി ചെന്നൈയിലേക്ക് പോയത്.

കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിനായി ആണ് ചിത്ര തിരുപ്പൂരില്‍ തിരിച്ചെത്തിയത്.വിവാഹ ചടങ്ങുകള്‍ നടന്നതിനു ശേഷം തിരിച്ചു ചെന്നൈയിലേക്ക് പോകാന്‍ ഇരിക്കെ ഭര്‍ത്താവ് പോകാന്‍ അനുവദിച്ചില്ല.

ഞായറാഴ്ച ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് ഭാര്യയെ ഇയാള്‍ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയത്.

കഴുത്തില്‍ ഷാള്‍ മുറിക്കിയതോടെ ചിത്ര അബോധാവസ്ഥയിലായി. ഇതോടെ പ്രതി വീടുവിട്ടിറങ്ങുകയും മകളെ വിളിച്ച് അമ്മയെ മര്‍ദ്ദിച്ചതായി വിവരം പറയുകയുമായിരുന്നു. മകള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ചിത്രയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top