ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള തിരൂര്‍ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. തിരൂര്‍ നഗരത്തില്‍ റെയില്‍വേക്ക് കുറുകെ നിലവിലുള്ള മേല്‍പ്പാലത്തിന് സമാന്തരമായി നിര്‍മിച്ച മേല്‍പ്പാലത്തിന്റെ സമീപന റോഡിന്റെയും നവീകരിച്ച താനാളൂര്‍ – പുത്തനത്താണി റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരൂര്‍ മണ്ഡലത്തില്‍ മാത്രം 7.5 കോടി രൂപയാണ് റോഡുകള്‍ ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കാനായി ചെലവഴിച്ചിട്ടുള്ളത്. പൊന്മുണ്ടം റെയില്‍വേ മേല്‍പ്പാലത്തിന് സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഥമ പരിഗണന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മാങ്ങാട്ടിരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനക്ക് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. സ്റ്റീല്‍ ഫൈബര്‍ ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന തിരുന്നാവായ – തവനൂര്‍ പാലവും മേഖലയുടെ വികസന നാഴിക കല്ലായി മാറുമെന്നും മന്ത്രി പറഞ്ഞു.
ടൗണ്‍ ആര്‍.ഒ.ബി പരിസരത്ത് നടന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. നഗരസഭ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീന്‍, തിരൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ പി.രാമന്‍കുട്ടി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ നൗഷാദ് നെല്ലാഞ്ചേരി, പി. പുഷ്പ, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




