കോട്ടയം: അമ്മ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മകളും മരുമകനും അറസ്റ്റില്‍. തിരുവനന്തപുരം കരമന കുന്നിന്‍പുറത്ത് കിരണ്‍ രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂര്‍ പേരൂരില്‍ ഓണാവധിക്ക് പോയപ്പോഴായിരുന്നു സംഭവം. ഐശ്വര്യയുടെ ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി അമ്മ വീട്ടില്‍ കരുതിയിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. ഈ സമയത്ത് അമ്മ പാലക്കാട് ജോലിക്ക് പോയിരിക്കുകയായിരുന്നു.
പാലക്കാട് നിന്നും തിരിച്ചെത്തിയ അമ്മ, താന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണം മോഷ്ടിച്ചത് മകള്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പോലീസ് ഐശ്വര്യയുടെ തിരുവനന്തപുരത്തെ ഭര്‍ത്തൃ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം കണ്ടെടുത്തു. പരിശോധനയില്‍ ഈ സ്വര്‍ണത്തില്‍ അഞ്ച് പവന്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി.




