കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചു

കരിപ്പോട്: കുളത്തില്‍ കാല്‍ വഴുതി വീണ ഇളയ സഹോദരിയെ രക്ഷിച്ചു കരയ്‌ക്കെത്തിച്ച 16 വയസ്സുകാരി മുങ്ങിമരിച്ചു. കരിപ്പോട് വിക്കാപ്പ് നടുവത്തുക്കളം ശിവദാസന്‍ ശശികല ദമ്പതികളുടെ മകള്‍ ശിഖ ദാസ് ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12.30നു വണ്ടിത്താവളം പള്ളിമുക്ക് മേലെ എഴുത്താണിയിലാണ് അപകടം. വടവന്നൂര്‍ വേലായുധന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണു ശിഖ.

ശിഖയും ശില്പയും എഴുത്താണിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു. അവിടെനിന്നു മൂവരും നെല്‍പാടത്തെ വരമ്പിലൂടെ നടക്കുമ്പോള്‍ ശില്പയുടെ കാലില്‍ ചെളി പുരണ്ടു. ശില്‍പ വഴുതി വീഴുന്നതു കണ്ട് ശിഖ കുളത്തിലേക്കു ചാടി. ശില്‍പയെ പിടിച്ചു കരയ്ക്ക് എത്തിക്കുന്നതിനിടെ ശിഖ മുങ്ങിത്താഴുകയായിരുന്നു.

ശിഖ കൈകാലിട്ടടിക്കുന്നതു കണ്ട ശില്‍പയും സുഹൃത്തും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സമീപത്തെ ക്ലബ്ബിലെ ആളുകളെത്തി തിരച്ചില്‍ നടത്തിയെങ്കിലും ശിഖയെ കണ്ടെത്താനായില്ല. ചിറ്റൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണു മൃതദേഹം കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top