കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍. ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ വട്ടവട റോഡിലെ പുതുക്കടിയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇന്നലെ ഉരുള്‍പൊട്ടിയ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ ഒരു വീട് ഭാഗീകമായി മണ്ണിനടിയിലായി. എന്നാല്‍ ആളപായമില്ല.
ഗ്യാപ് റോഡില്‍ നിന്നും ബൈസണ്‍വാലിയിലേക്ക് തിരിയുന്ന ഭാഗത്തായാണ് മണ്ണിടിച്ചിലുണ്ടായത്. ഇപ്പോള്‍ വാഹനങ്ങള്‍ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിടുകയാണ്.
മൂന്നാര്‍ കുണ്ടള പുതുക്കുടി ഡിവിഷനില്‍ ഇന്നലെ ഉരുള്‍പൊട്ടിയിരുന്നു. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ വട്ടവട റോഡ് തകര്‍ന്നു. ഗതാഗതം തടസപ്പെതിനാല്‍ വട്ടവട ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വട്ടവടയില്‍ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.



