പരപ്പനങ്ങാടി:ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. തിരുവാമ്പടി പുല്ലൂരാംപാറയില്‍ നിന്നുമാണ് എട്ട് പേരടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തത്. തിരുവമ്പാടി പുല്ലൂരാംപാറ വൈലത്തല ഷാന്‍ഫാരി(29), താനൂര്‍ കാട്ടിലങ്ങാടി കളത്തിങ്ങല്‍ തഫ്‌സീര്‍(27), താമരശേരി വലിയപറമ്പ് പാറക്കണ്ടിയില്‍ മുഹമ്മദ് നജാദ്(28), കൊടുവള്ളി വലിയപീടിയേക്കല്‍ മുഹമ്മദ് ആരിഫ്(28),പുല്ലൂരാംപാറ മാടമ്പാട്ട് ജിതിന്‍(38), താമരശേരി തച്ചാം പൊയില്‍ പുത്തന്‍തെരുവില്‍ ഷാഹിദ്(36), തിരുവമ്പാടി വടക്കാട്ടുപാറ കാവുങ്ങല്‍ ജസീം (27),പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ്(27) എന്നിവരാണ് പിടിയിലായത്.താനൂര്‍ താഹ ബീച്ചില്‍ കോളിക്കലകത്ത് ഇസ്ഹാഖിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.
വിദേശത്തുനിന്നും കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. മരാകായുധങ്ങളുമായി ആഢംബര കാറിലെത്തിയ അക്രമിസംഘം വാള്‍ വീശി നാട്ടുകാരെ ഭയപ്പെടുത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്.
യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ച് 30 ലക്ഷം രൂപ മോചനത്തിനായി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികള്‍ വിദേശത്തുനിന്നും കൊടുത്തുവിട്ട സ്വര്‍ണം ഇസ്ഹാഖ് കാരിയറുമായി ചേര്‍ന്ന് തട്ടിയെടുത്ത് വിറ്റ് പണം വാങ്ങിയെന്നും പണം തിരികെ നല്‍കിയില്ലെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ എസ് ഐ നവീന്‍ ഷാജ്, പരമേശ്വരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍, മുജീബ്, രഞ്ജിത്ത്,ഡാന്‍സാഫ് ടീം അംഗങ്ങളായ വിപിന്‍, അഭിമന്യു, ആല്‍ബിന്‍, ജിനേഷ്,സബറുദ്ദീന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.



