ചേലേമ്പ്ര: കവര്‍ച്ച കേസില്‍ ജാമ്യം എടുത്തു മുങ്ങിയ പ്രതിയെ 26 വര്‍ഷത്തിന് ശേഷം പിടികൂടി. തേഞ്ഞിപ്പലം പൊലീസാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പുനലൂര്‍ കുരിമണ്ഡല്‍ ചരുവിളവീട്ടില്‍ അനില്‍ കുമാറിനെയാണ് (53) കൊണ്ടോട്ടി ഡി വൈ എസ് പി യുടെ ലോങ്ങ് പെന്റിങ് ഡിറ്റക് ഷന്‍ സ്‌ക്വാഡ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
1996 മെയ് മാസം ചേലേമ്പ്ര ഇടിമുഴിക്കല്‍ പോയില്‍തൊടി ഹസ്സന്റെ ഉടമസ്ഥതയിലുള്ള ബസ് നിര്‍ത്തിയിട്ടിടത്തു നിന്ന് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. ജീവനക്കാരനെ പാലക്കാട് വഴിയില്‍ ഉപേക്ഷിച്ച ശേഷം ബസ് കോയമ്പത്തൂരില്‍ ഒരു സ്‌കൂളിന് നമ്പറും പെയിന്റും മാറ്റി വില്പന നടത്തുകയും ചെയ്യുകയായിരുന്നു. കേസില്‍ അറസ്റ്റിലായി ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയി മുങ്ങുകയായിരുന്നു.
ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ കൊല്ലം പൂയപള്ളിയില്‍ വെച്ച് പിടികൂടുകയായിരുന്നു. തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ കെ.ഒ പ്രദീപ്, എസ് .ഐ ശ്രീജിത്, സി പി ഒ മാരായ മുഹമ്മദ് അജ് നാസ് ,കെ ടി റാഷിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി.



