സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായികക്ഷമത അളക്കുന്ന ഫിറ്റ്നസ് അസസ്‌മെന്റ് ക്യാമ്പയിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ 12 നും 17 നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ശാരീരികക്ഷമതയും ആരോഗ്യവും അളന്ന് അവരെ താല്‍പര്യമുള്ള കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സംസ്ഥാന കായിക വകുപ്പിന്റെ ഫിറ്റ്നസ് അസസ്മെന്റ് ക്യാമ്പയിന് ഫെബ്രുവരി 23ന് തുടക്കമാകും. ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ച ബസ് സ്‌കൂളുകളില്‍ എത്തിയാണ് കുട്ടികളുടെ ശാരീരികക്ഷമത പരിശോധിക്കുകയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബസിന്റെ ഫ്ളാഗ് ഓഫ് ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇത്തരത്തില്‍ അഞ്ച് ബസുകള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പര്യടനം നടത്തും. ആദ്യ ഘട്ടത്തില്‍ ഫിഷറീസ് സ്‌കൂളുകള്‍, സ്പോര്‍ട്സ് സ്‌കൂളുകള്‍, പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക മേഖലയിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ 10,000 കുട്ടികളിലാണ് പരിശോധന നടത്തുക. മുഴുവന്‍ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ആയിരിക്കും ക്യാമ്പയിന്‍.

ശാസ്ത്രീയമായ രീതിയില്‍ കുട്ടികളുടെ ശാരീരികക്ഷമതയും ആരോഗ്യവും പരിശോധിക്കാന്‍ യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌ക്വാട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്പ്, മെയ് വഴക്കം പരിശോധിക്കാന്‍ സിറ്റ് ആന്‍ഡ് റീച്ച് പരിശോധന, വേഗതയും ചുറുചുറുക്കും ശരീര തുലനാവസ്ഥയും അളക്കാനുള്ള പരിശോധനകള്‍ എന്നിവയാണ് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുക. ഇതുവഴി കായിക പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക മേഖലയിലേക്ക് തിരിച്ചുവിടാനും അനുയോജ്യമായ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇത്തരമൊരു ശാസ്ത്രീയ പരിശോധനാ സംവിധാനം ആദ്യമായാണ്.

ശാരീരികാക്ഷമതാ പരിശോധനക്കൊപ്പം വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരിവിരുദ്ധ പ്രചാരണവും നടത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. കായികമേഖലയില്‍ താല്പര്യമുള്ള കുട്ടികള്‍ക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള സര്‍ക്കാര്‍ സ്പോര്‍ട്സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം, താമസം, പഠനം, കായിക പഠനം എന്നിവയ്ക്ക് ആധുനിക സൗകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ സംസ്ഥാനത്ത് 14 പുതിയ കായിക കേന്ദ്രങ്ങള്‍ ഖേലോ ഇന്ത്യയുമായി ചേര്‍ന്ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ ജില്ലയിലും പ്രത്യേക കായിക ഇനങ്ങള്‍ തെരഞ്ഞെടുത്ത് പരിശീലനം ലഭ്യമാക്കും. ഈ അധ്യയന വര്‍ഷം മുതല്‍ തുടങ്ങുന്ന പദ്ധതിക്കായി ഓരോ കേന്ദ്രത്തിലും കോച്ച്, രണ്ട് അസിസ്റ്റന്റ് കോച്ചുമാര്‍, കുക്ക്, താമസം, ഭക്ഷണം എന്നിവ ലഭ്യമാകും. ഇവ ഒരേ സമയം ഖേലോ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. 52 കായിക ഇനങ്ങളില്‍ ഓരോ ജില്ലയിലും പ്രത്യേകം തെരഞ്ഞെടുത്ത ഇനങ്ങള്‍ ആയിരിക്കും പരിശീലിപ്പിക്കുക. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജില്ലകളില്‍ തന്നെ താമസിച്ചു സ്പോര്‍ട്സ് പരിശീലിക്കാന്‍ സാധിക്കും. ഓരോ പഞ്ചായത്തിലും ഒരു റിസോഴ്സ് പേഴ്സന്‍ എന്ന രീതിയില്‍ സംസ്ഥാനത്തൊട്ടാകെ 1400 റിസോഴ്സ് പേഴ്സന്‍മാരെ കായികവകുപ്പ് നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും തെരഞ്ഞെടുത്ത പ്രൈമറി സ്‌കൂളില്‍ ആയിരിക്കും നിയമനം. ഈ അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ കായിക പാഠപുസ്തകം വരുന്നതോടെ ഈ പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പാഠഭാഗത്തിന്റെ പ്രായോഗിക പരിശീലനം മൈതാനത്ത് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കല്‍ ആണ് റിസോഴ്സ് പേഴ്സന്റെ ചുമതല.

കളരിയുടെ പരിശീലനവും പ്രചാരണവും വിപുലമാക്കുന്നതിന്റെ ഭാഗമായി കായികവകുപ്പ് മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് തയ്യാറാക്കിയ കളരിയെക്കുറിച്ചുള്ള സമഗ്ര ഗ്രന്ഥത്തിന്റെ പ്രകാശനം വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാള സര്‍വകലാശാല നിയോഗിച്ച ഗവേഷകസംഘമാണ് 14 ജില്ലകളിലും സര്‍വ്വേ നടത്തി വിവരങ്ങള്‍ ശേഖരിച്ചു കളരിയെക്കുറിച്ച് പുസ്തകം തയ്യാറാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് യു ഷറഫലി, കായിക, യുവജനക്ഷേമ വകുപ്പ് ഡയറക്ടര്‍ പ്രേം കൃഷ്ണന്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top