HIGHLIGHTS : The first 'flight' of a seaplane is a success, giving Kerala's tourism dreams a boost
കൊച്ചി: കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് കുതിപ്പേകുന്ന സീപ്ലെയിനിന്റെ ആദ്യ ‘പറക്കല്‍’ വിജയകരം. കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന സീ പ്ലെയിന്‍ ഇടുക്കി മാട്ടുപ്പെട്ടിയില്‍ പറന്നിങ്ങി.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, പി രാജീവ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. അരമണിക്കൂര്‍ എടുത്താണ് കൊച്ചിയില്‍ നിന്ന് വിമാനം ഇടുക്കിയിലെത്തിയത്. മാട്ടുപ്പെട്ടിയില്‍ എത്തിയ വിമാനം മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിയര്‍ സ്വീകരണം നല്‍കി.
കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സര്‍വീസ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയില്‍ സീപ്ലെയിന്‍ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയവാഡയില്‍ നിന്നാണ് സീപ്ലെയ്ന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്.
ഡി ഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്‌നാണ് കൊച്ചിയില്‍ എത്തിയത്.കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനമാണ് സീപ്ലെയിന്‍.
കനേഡിയന്‍ പൗരന്മാരായ ഡാനിയല്‍ മോണ്ട്‌ഗോമെറി, റോഡ്ഗര്‍ ബ്രിന്‍ഡ്ജര്‍ എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍.