Section

malabari-logo-mobile

‘ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ’: ‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന ‘ന്നാ താന്‍ കേസ് കൊട്’ സിനിമ പോസ്റ്ററിനെച്ചൊല്ലിയുളള രാഷ്ട്രീയ വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

HIGHLIGHTS : 'The film is not against any government or political party': Kunchakko Boban reacts

sameeksha-malabarinews
കുഞ്ചാക്കോ ബോബന്‍ നായകനായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ ചിത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ‘തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിലെ വാചകത്തെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്.

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമര്‍ശനം നേരിടുകയാണ്. ഈ അവസരത്തില്‍ പോസ്റ്ററിലെ വാചകം സംസ്ഥാന സര്‍ക്കാരിനെതിരാണെന്നാണ് ആരോപണം.  അതേസമയം, പോസ്റ്ററിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്.

പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വാചകത്തെ ആവിഷ്‌കാര സ്വാതന്ത്ര്യമായി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍:-

പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട കാര്യങ്ങള്‍ തന്നൊണ്. അതിനെക്കാള്‍ ഉപരി ബ്രോഡ് ആയി ചിന്തിച്ച് മറ്റുള്ള തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. ഈ സിനിമയില്‍ കുഴിമാത്രമല്ല പ്രശ്‌നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് സിനിമ. ഏതെങ്കിലും ഒരു രാഷ്ട്രീയ- ജനവിഭാഗത്തെ മാത്രം ടാര്‍ഗെറ്റ് ചെയ്തു കൊണ്ടുള്ള രീതിയിലല്ല സിനിമ എടുത്തിരിക്കുന്നത്. മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും നമ്മുടെ സാധാരണകാരന്റെ അവസ്ഥ മനസ്സിലാക്കണം. ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്‌നങ്ങള്‍ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹ്യൂമറിന്റെ അകമ്പടിയോടെ സിനിമ പറയുന്നു. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയയോ സര്‍ക്കാരിനെയോ ടാര്‍ഗെറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മള്‍ ചെയ്തിരിക്കുന്നത്. പരസ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാലാണ് പരസ്യം നല്‍കിയത്. തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്‌നാട്ടില്‍ നിന്ന് ബഹിഷ്‌കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്.

ഇന്ന് രാവിലെയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പുറത്തുവന്നത്. പിന്നാലെ പോസ്റ്റിന് താഴെ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ഇന്ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ‘ഷെര്‍ണി’യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News