
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാറുമായി ബന്ധിപ്പിക്കാനുള്ള നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി . പ്രതിപക്ഷത്തിന് ശക്തമായ എതിർപ്പും ബഹളവും മറികടന്നാണ് ബിൽ പാസാക്കിയത്. ശബ്ദവോട്ടുകളോടെയാണ് ദ ഇലക്ഷൻ ലോസ് (അമെൻഡമെന്റ് ) ബിൽ 2021 സഭയിൽ പാസായത്.
കള്ളവോട്ട് ഇരട്ട വോട്ട് എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് വോട്ടേഴ്സ് ഐ ടി കാർഡും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വർഷത്തിൽ നാലു തവണ അവസരം നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് ആണ് നിലവിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്. ജനുവരി 1 ഏപ്രിൽ 1 ജൂലൈ 1 ഒക്ടോബർ 1 എന്നിങ്ങനെ തീയതികൾ നൽകാനാണ് പുതിയ വ്യവസ്ഥ. നിയമ മന്ത്രി കിരൺ റിജിജു ആണ് ബിൽ അവതരിപ്പിച്ചത്.
നിയമഭേദഗതിക്ക് ശേഷം വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്ന വർ ആധാർ നമ്പർ കൂടി രേഖപ്പെടുത്തണമെന്ന് ബിൽ നിർദ്ദേശിക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ നിലവിൽ പേര് ചേർത്തവരോടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആധാർ നമ്പർ ആവശ്യപ്പെടാം. എന്നാൽ ആധാർ കാർഡ് നമ്പർ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ ഒരാളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്താതിരിക്കരുതെന്നും അത്തരം അപേക്ഷകൾ സ്വീകരിക്കാതിരിക്കരുതെന്നും ബിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ളവരെ മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്നും നിർദ്ദേശിക്കുന്നു.




