കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്തതിനാല്‍ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്.
വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയെ ബീച്ച് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലെത്തിച്ച ആംബുലന്‍സിന്റെ വാതിലാണ് തുറക്കാന്‍ കഴിയാതെ പോയത്.
മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ട് നടന്ന സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.



