തെക്കന്‍ ജില്ലകളില്‍ കനത്തമഴ; കൊച്ചിയില്‍ വെള്ളക്കെട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കാസര്‍കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം.

എറണാകുളം ജില്ലയില്‍ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം റോഡ് വെള്ളത്തില്‍ മുങ്ങി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആണ് അവധി. മുന്‍ നിശ്ചയിച്ച സര്‍വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമില്ല.

ആലപ്പുഴയില്‍ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവും കൂടി . എന്നാല്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ എത്തിയിട്ടില്ല. നീരേറ്റുപുറം, കാവാലം, നെടുമുടി, ചമ്പക്കുളം മങ്കൊമ്പ്, പള്ളാത്തുരുത്തി, വീയപുരം, പള്ളിപ്പാട് മേഖലകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top