പരപ്പനങ്ങാടിയില്‍ ചെണ്ടുമല്ലി പൂ കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കര്‍ഷക കൂട്ടായ്മ

പരപ്പനങ്ങാടി: പൂക്കള്‍ക്കായി ഇതര സംസ്ഥാനത്തെ ആശ്രയിക്കുന്നവര്‍ക്ക് നമ്മുടെ മണ്ണിലും പൂവിളയിക്കാം എന്ന് തെളിയിക്കുകയാണ് പരപ്പനങ്ങാടിയിലെ കാര്‍ഷിക കര്‍മസേന. പരപ്പനങ്ങാടി നെടുവകോവിലകംപറമ്പിലാണ് ഏഴു യുവാക്കള്‍ . തങ്ങളുടെ അദ്ധ്വാനം കൊണ്ട് ചെണ്ടുമല്ലിപ്പൂ വസന്തം സമ്മാനിച്ചിരിക്കുന്നത്. ചുവപ്പും മഞ്ഞയും പൂവണിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടം നയന മനോഹരമായ കാഴ്ച്ചയായിരിക്കുകയാണ്.

പരപ്പനങ്ങാടി കൃഷി ഭവനില്‍ നിന്നും നല്‍കിയ 1500 തൈകള്‍ കഴിഞ്ഞ ജൂലൈ 15 നാണ് നട്ടത് . കൃത്യമായ പരിപാലനവും ജൈവ വളപ്രയോഗവും ആണ് അത്തത്തിന് മുമ്പേ തന്നെ പൂക്കള്‍ വിരിയിച്ചത്.

പരപ്പനങ്ങാടി കൃഷി ഓഫീസര്‍ പി സുമയ്യയാണ് വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കൃഷിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കാര്‍ഷിക കര്‍മസേന സൂപ്പര്‍വൈസര്‍ സയ്യിദ്ദുല്‍ ഫാഹിമിന്റെ നേതൃത്വത്തില്‍ യുവകര്‍ഷകരായ സി കൃഷ്ണന്‍കുട്ടി, ഹരീഷ് അച്ചമ്പാട്ട്,പ്രതീഷ് എം, രാധാകൃഷ്ണന്‍ ചേങ്ങോട്ട്, വിജീഷ് എ, ഷിനോദ് എം തുടങ്ങിയവരാണ് പ്രഥമ സംരംഭമായി പരപ്പനങ്ങാടിയില്‍ പൂ കൃഷി ആരംഭിച്ചത്. രണ്ട് ദിവസത്തിനകം കൃഷി വകുപ്പിന്റെ തന്നെ നേതൃത്വത്തില്‍ വിളവെടുപ്പുല്‍സവത്തിനൊരുങ്ങുകയാണ് നെടുവയിലെ സംഘകൃഷി കൂട്ടായ്മ.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top