
സംസ്ഥാനത്തെ ക്വാറികൾ, ക്രഷറുകൾ, ധാതു സംഭരണത്തിനുള്ള ഡിപ്പോകൾ എന്നിവയുടേതുൾപ്പെടെ സകല വിവരങ്ങളും പൊതുജനങ്ങൾക്കും വ്യവസായ സംരംഭകർക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തിൽ ഡാഷ്‌ബോർഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.
കേരള ഓൺലൈൻ മൈനിംഗ് പെർമിറ്റ് അവാർഡിംഗ് സർവീസ് എന്ന വകുപ്പിന്റെ ഇ ഗവേണൻസ് സംവിധാനത്തിൽ നിന്നുള്ള വിവരങ്ങളാണ് ഡാഷ്‌ബോർഡിൽ ലഭ്യമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള ക്വാറികളുടെ ഡിജിറ്റൽ സർവേ നടത്താൻ ഖനന ഭൂവിജ്ഞാന വകുപ്പ് ആലോചിക്കുന്നുണ്ട്. ഡ്രോൺ ലിഡാർ സർവേ സംവിധാനം, ജി. ഐ. എസ് എന്നിവയുടെ സാധ്യതകൾ മനസിലാക്കി വകുപ്പിന്റെ ഇ ഗവേണൻസ് സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണനയിലാണ്. ഇതിനായി കെൽട്രോൺ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഡയറക്‌ട്രേറ്റിൽ ഇ ഓഫീസ് നടപ്പാക്കിയിട്ടുണ്ട്. വകുപ്പിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി www.dmg.kerala.gov.in എന്ന നവീകരിച്ച വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 593 ക്വാറികൾ/ മൈനുകൾ, 642 ക്രഷറുകൾ, 1217 ധാതു ഡിപ്പോകൾ എന്നിവയാണുള്ളത്.




