മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി

കുന്നംകുളം: മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി. കീഴൂര്‍ സ്വദേശിനി ചൂഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) യാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.മകള്‍ ഇന്ദുലേഖ(37)യെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആഗസ്റ്റ് 18 നാണ് എലിവിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ രുഗ്മിണിയെ കുന്നംകുളം താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആഗസ്റ്റ് 22 ന് ഇവര്‍ മരണപ്പെട്ടു.തുടര്‍ന്ന് സാധാരണ മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതോടെയാണ് ഇന്ദുലേഖ വിഷം നല്‍കിയതായി സ്ഥിരീകരിച്ചത്.

ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയുടെ സ്ഥലം കൈക്കലാക്കി സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം. വിദേശത്തുള്ള മകളുടെ ഭര്‍ത്താവിനെ കൊണ്ടുവരാന്‍ കഴിഞ്ഞ 18 ന് മകള്‍ക്കൊപ്പം രുഗ്മിണി നെടുമ്പാശേരിയില്‍ പോയിരുന്നു. മടങ്ങിവരുന്നതിനിടെ കൈയില്‍ കരുതിയിരുന്ന വിഷം ഭക്ഷണത്തില്‍ കലര്‍ത്തിയതാണെന്നാണ് കരുതുന്നത്. വീട്ടില്‍ തിരിച്ചെത്തി പിറ്റേദിവസം മുതല്‍ ഛര്‍ദ്ദിയായതിനെ തുടര്‍ന്ന് കുന്നംകുളം ആശുപത്രിയിലും ആരോഗ്യസ്ഥിതി വഷളായതോടെ തൃശൂര്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

കച്ചേരി സ്വദേശിയായ ചന്ദ്രന്‍ പത്ത് വര്‍ഷം മുമ്പെയാണ് കുടുംബസമേതം കീഴൂരില്‍ താമസമാക്കിയത്. രുഗ്മിണിയുടെയും ചന്ദ്രന്റെയും പേരിലുള്ള സ്വത്ത് ഇവരുടെ മരണശേഷം മകളുടെ പേരില്‍ എഴുതിവെച്ചിരുന്നു. സാമ്പത്തിക ബാധ്യത കാരണം ബുദ്ധിമുട്ടിലായ ഇന്ദുലേഖ ആദ്യം അമ്മയേയും പിന്നീട് അച്ഛനെയും ഇല്ലാതാക്കി സ്വത്ത് തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറയുന്നു.രുഗ്മിണിയുടെ സംസ്‌കാരം നടത്തി.

Share news
error: Content is protected !!
Scroll to Top