വ്യാജ ആര്‍.സി നിര്‍മ്മാണം കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

HIGHLIGHTS : The crime branch will investigate the case of making fake RC

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വ്യാജ ആര്‍.സി നിര്‍മ്മാണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. വ്യാജ ആര്‍.സി കേസ് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ ഏല്‍പ്പിക്കണമെന്നായിരുന്നു യൂത്ത്‌ലീഗിന്റെ ആവശ്യം. ഈ ആവശ്യത്തില്‍ തീരുമാനമാകാതെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവി എസ് ശശീധരന്‍ ഐ.പി.എസ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതായി വിവരം അറിയിച്ചു.

എന്നാല്‍ ഉത്തരവിന്റെ കോപ്പി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞു യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഇതോടെ ഉത്തരവിന്റെ കോപ്പി എസ്.പി ഓഫീസില്‍ നിന്നും തിരൂരങ്ങാടി സ്റ്റേഷനിലേക്ക് നല്‍കി. കോപ്പി സമരക്കാര്‍ക്ക് കൈമാറിയ ശേഷമാണ് യൂത്ത്‌ലീഗ് സമരം അവസാനിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി അലവിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നാണ് എസ്.പി അറിയിച്ചത്.

sameeksha-malabarinews

താനൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നിയും തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസനും നിരവധി തവണ സമരക്കാരുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിരുന്നില്ല. കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത് യൂത്ത്‌ലീഗിന്റെ സമര വിജയമെന്നും കേസന്വേഷണത്തില്‍ പൊലീസ് പരാജയമാണെന്ന് എസ്.പി തന്നെ അംഗീകരിച്ചതിന് തുല്യമാണിതെന്നും യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.

2024 ജൂലൈ രണ്ടിന് തിരൂരങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇത് വരെ മൂന്ന് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ ആര്‍.സി നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാന്‍കാവ് സ്വദേശി കരുവാടത്ത് നിസാര്‍(37), മിനി സിവില്‍ സ്റ്റേഷന് അടുത്തുള്ള ടാര്‍ജറ്റ് ഓണ്‍ലൈന്‍ ഷോപ്പ് ഉടമയും പെരുവള്ളൂര്‍ കരുവാന്‍കല്ല് പാലന്‍തോടു താമസക്കാരനുമായ നഈം(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും മറ്റും പൊലീസ് പിടിച്ചെടുത്തു. ഈ കേസില്‍ ഇത് വരെ എട്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിരൂരങ്ങാടി മുന്‍ ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ, ഓഫീസിലെ ക്ലര്‍ക്കുമാരായ നജീബ്, പ്രശോഭ്, മറിയാമു എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികളില്ലാത്തതിനാലാണ് യൂത്ത്ലീഗ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുമായി രംഗത്തെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!