
സാവോ പോളോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് നിരോധിച്ച് ബ്രസീല്‍. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്‌സാന്‍ഡ്രെ ഡി മോറസാണ് നിരോധനമേര്‍പ്പെടുത്തിയുള്ള ഉത്തരവിട്ടത്. ഇന്ന് പുലര്‍ച്ചെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
മാസങ്ങളായി എക്‌സ് സിഇഒ ഇലോണ്‍ മസ്‌കും ബ്രസീല്‍ സുപ്രീംകോടതിയും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. 2022 ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടിങ് സമ്പ്രദായത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സനാരോയുടെ അനുയായികളുടെ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മോറസ് ഉത്തരവിട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. 2023ല്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്കെതിരെ ബൊല്‍സനാരോ അട്ടിമറി ശ്രമം നടത്തിയോ എന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ജനാധിപത്യത്തിനെതിരായതും വ്യാജമായതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നു എന്ന് കാട്ടി മുന്‍ കോണ്‍ഗ്രസ് അംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഡാനിയല്‍ സില്‍വേര ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മരിവിപ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. 2022-ല്‍ സുപ്രീം കോടതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഒമ്പത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഡാനിയല്‍ സില്‍വേര. ഇയാളുടേതുള്‍പ്പെടെ ഏപ്രിലില്‍ നിരോധിച്ച ചില അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കിയെന്ന് കാട്ടി മസ്‌കിനെതിരെയും അന്വേഷണത്തിന് ജസ്റ്റിസ് മോറസ് ഉത്തരവിട്ടു.
കോടതി ഉത്തരവ് പാലിക്കാന്‍ തയാറായില്ലെങ്കില്‍ കമ്പനിയുടെ മുന്‍ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മോറസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം എക്സിന്റെ ബ്രസീലിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മസ്‌ക് അവസാനിപ്പിച്ചു. രാജ്യത്ത് ഇനി പ്രവര്‍ത്തിക്കണമെങ്കില്‍ 24 മണിക്കൂറിനകം പുതിയ നിയമ പ്രതിനിധിയെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ മസ്‌ക് ഇതിന് തയാറായില്ല. തുടര്‍ന്ന് എക്‌സ് ബ്ലോക്ക് ചെയ്യാന്‍ കോടതി ബ്രസീല്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന് ഉത്തരവ് നല്‍കുകയായിരുന്നു. നിയമങ്ങള്‍ അനുസരിക്കാത്തതിന് എക്‌സിന് 32 ലക്ഷം ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍ സ്റ്റാര്‍ലിങ്കിന്റെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ബ്രസീലില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് തടയുകയും ചെയ്തിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ ആപ്പിളും ഗൂഗിളും അവരുടെ സ്റ്റോറുകളില്‍ നിന്ന് എക്‌സ് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചെങ്കിലും പിന്നീട് ആ ഉത്തരവ് പിന്‍വലിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




