തിരുവനന്തപുരം: ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസുമായി എത്തി നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കിയത്. ഇവിടെ ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
കോര്‍പറേഷന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത് എന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു. പിപിപി മോഡലില്‍ ജെന്‍ഡര്‍ ന്യൂട്രലില്‍ ബസ്റ്റോപ്പ് പണിയുമെന്നും പണി തുടങ്ങിയാല്‍ രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനോട് ചേര്‍ന്നുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം ശ്രീകൃഷ്ണനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പെയിന്റടിച്ച് നവീകരിച്ചതിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ നടപടി. ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് എഴുതിവച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം അസോസിയേഷന്‍ മോടി പിടിപ്പിച്ചത്.
ജൂലൈ മാസത്തില്‍, വിദ്യാര്‍ത്ഥികള്‍ ലിംഗഭേദമന്യേ ഒരുമിച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് ശ്രീകൃഷ്ണ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ നീളത്തിലുള്ള ഇരിപ്പിടം വെട്ടിപ്പൊളിച്ച് വെവ്വേറെയുള്ള മൂന്ന് സീറ്റുകളാക്കിയത് വിവാദമായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മടിയിലിരുന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത് വാര്‍ത്തയായതോടെ അനധികൃതമായി കെട്ടിയ ഷെല്‍റ്റര്‍ പൊളിച്ച് നഗരസഭ പുതിയത് നിര്‍മ്മിക്കുമെന്ന് മേയര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒന്നരമാസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് റസിഡന്റ്‌സ് അസോസിയേഷന്‍ കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത്.




