പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു. ചട്ടങ്ങളില്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപരമായ അടിച്ചമര്‍ത്തല്‍ നേരിട്ടതിനെ തുടര്‍ന്ന് 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലേയ്ക്ക് വന്ന ഹിന്ദു, സിഖ്, ജെയിന്‍, പാര്‍സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനായിരുന്നു പൗരത്വ ഭേദഗതി ബില്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top