Section

malabari-logo-mobile

ഗിനിയില്‍ കുരുങ്ങിയ കപ്പല്‍ ജീവനക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

HIGHLIGHTS : The Chief Minister has written to the Prime Minister for the release of the crew of the ship stranded in Guinea.

തിരുവനന്തപുരം : ഇക്കഡോറിയല്‍ ഗിനിയില്‍ കുരുങ്ങിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവില്‍ തുടരുന്നത് കപ്പല്‍ ജീവനക്കാരുടെ മാനസ്സിക – ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മോചിപ്പിക്കാനുള്ള ശ്രമം വേഗത്തിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായവരെ വിമാനത്തില്‍ നൈജീരയ്ക്ക് കൊണ്ടു പോകാന്‍ ശ്രമം നടക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തടവില്‍ കഴിയുന്നവരോട് പാസ്‌പോര്‍ട്ട് നല്‍കാന്‍ ഗിനി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്.

sameeksha-malabarinews

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 16 ഇന്ത്യക്കാരുള്‍പ്പെടെ 26 പേരടങ്ങുന്ന മൊത്തം ജീവനക്കാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും 16 ഇന്ത്യന്‍ നാവികരില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേരെ കുറിച്ചും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചു. ഓഗസ്റ്റ് 12-ന് ആണ് അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് നോര്‍വീജിയന്‍ കപ്പലിനെ ഗിനി നാവികസേനയുടെ കപ്പല്‍ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 14 മുതല്‍ കപ്പല്‍ നിയമവിരുദ്ധമായി പിടിച്ച് വെച്ചിരിക്കുകയാണ്. എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയാക്കി ആവശ്യമായ പിഴ അടച്ചിട്ടും മോചനത്തിനുള്ള കാലതാമസം ആശങ്കയിലാക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മോചനം വൈകുന്നത് നാവികരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത തുറമുഖത്ത് തുടരുന്നത് അവരുടെ ജീവനുതന്നെ അപകടമാണെന്നും കത്തില്‍ പറയുന്നു. കപ്പലിനെയും അതിലെ അംഗങ്ങളെയും ഉടന്‍ മോചിപ്പിക്കുന്നതിന് മുന്‍കൈയെടുക്കാനും മോചനം സുഗമമാക്കാനും ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയോട്അഭ്യര്‍ത്ഥിച്ചു.

ഇന്ത്യക്കാരുള്ള കപ്പലിന് ഇരുപത്തിനാല് മൈല്‍ അകലെ നൈജീരിയന്‍ സൈനിക കപ്പല്‍ രണ്ട് ദിവസമായി നിലയുറപ്പിച്ചിട്ടുണ്ട്.

സമുദ്രാതിര്‍ത്തി ലംഘനം, ക്രൂഡ് ഓയില്‍ മോഷണം  ആരോപണങ്ങള്‍ നൈജീരിയ കപ്പലിനെതിരെ ഉയര്‍ത്തുന്നുണ്ട്. പിഴ ഈടാക്കിയെങ്കിലും എക്വറ്റോറിയല്‍ ഗിനി ജീവനക്കാരെ വിടാതെ നൈജീരിയക്ക് കൈമാറുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇവര്‍ തടവിലായ ഓഗസ്റ്റ് മുതല്‍ ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഇന്ത്യന്‍ എംബസിയുടെ പ്രതികരണം. വിദേശകാര്യമന്ത്രാലയവും ജീവനക്കാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!