ചാര്‍ജ് വര്‍ധിപ്പിക്കണം; ഇല്ലെങ്കില്‍ സമരം: ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ യോഗം ഇന്ന് തൃശ്ശൂരില്‍ ചേരും

തൃശ്ശൂര്‍: ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും. ബസ് ചാര്‍ജ് വര്‍ദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തില്‍ വലിയ തോതില്‍ ചര്‍ച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ സമരം ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും സര്‍ക്കാരിന് നയാ പൈസയുടെ മുതല്‍ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് മുന്‍കൂര്‍ നികുതി നല്‍കുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയില്‍ സ്റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സിലും സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വില്‍പന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തില്‍ ഇത് സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്.

അയ്യായിരത്തില്‍ താഴെ മാത്രം ബസുകള്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റില്‍ പന്ത്രണ്ടായിരധത്തിലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാത്തതും ബഡ്ജറ്റില്‍ ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തുന്നതും പ്രതിഷേധാര്‍ഹമാണെന്നും ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top