Section

malabari-logo-mobile

കോവിഡ് പ്രതിരോധത്തിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

HIGHLIGHTS : The central team expressed satisfaction with the Covid defense

 കേരളം നടത്തിയത് മികച്ച പ്രതിരോധ പ്രവർത്തനങ്ങളെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകുമെന്നും കേന്ദ്ര സംഘം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴാം തീയതി രാത്രിയാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് ജോ. സെക്രട്ടറിയും കോവിഡ്-19 നോഡൽ ഓഫീസറുമായ മിൻഹാജ് അലാം, നാഷണൽ സെൻട്രൽ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. എട്ടാം തീയതി കോട്ടയത്തും ഒമ്പതാം തീയതി ആലപ്പുഴയിലും സന്ദർശനം നടത്തി വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം കോവിഡ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല വിലയിരുത്തൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നടന്നു. സംസ്ഥാനത്തെ എല്ലാ പ്രധാന കോവിഡ് ആശുപത്രികളിലേയും മേധാവിമാർ ചർച്ചയിൽ പങ്കെടുത്ത് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി വിശദീകരിച്ചു.

sameeksha-malabarinews

കേരളം മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സംഘത്തെ അറിയിച്ചിട്ടുണ്ട്.
കോവിഡിന്റെ കാര്യത്തിൽ കേരളം തുടക്കം മുതൽ നടത്തിവന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സന്തുഷ്ടി പ്രകടിപ്പിച്ചു. ടെസ്റ്റ്, വാക്‌സിനേഷൻ എന്നിവയുടെയെല്ലാം കാര്യത്തിൽ നല്ല രീതിയിലുള്ള ചർച്ചയാണ് നടന്നത്. അവരുടെ നിർദേശങ്ങൾ തയ്യാറാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കും. പക്ഷിപ്പനിയിലും കോവിഡിലും കേരളം എടുത്ത മുൻകൈയ്യും അവർ സൂചിപ്പിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിൽ ഈ സംഘം സന്ദർശിച്ചു. അവിടെയെല്ലാം പക്ഷിപ്പനി നിയന്ത്രണവിധേയമാണ്. കൂടുതൽ കാര്യങ്ങൾ എൻ.സി.ഡി.സി.യുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതുണ്ടെന്നും എൻ.സി.ഡി.യുടെ റീജിയണൽ സെന്റർ ഈ മേഖലയിൽ അനുവദിച്ച് തരാമെന്നും സംഘം പറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. പക്ഷിപ്പനിയുടെ കാര്യത്തിൽ വളരെ നല്ല പ്രവർത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ നടന്നത്. സാമ്പിൾ ടെസ്റ്റിന് സാധാരണ ഭോപ്പാലിലേക്കാണ് അയക്കുന്നത്. എന്നാൽ ഇത്തരം പരിശോധനകൾ ചെയ്യാൻ കഴിയുന്ന ലാബ് ഇവിടെ സജ്ജമാക്കാൻ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ ‘പീക്ക് സ്ലോ ഡൗൺ’ ചെയ്യാൻ കഴിഞ്ഞു എന്നതാണ് കേരളത്തിലെ വിജയം. കോവിഡ് പ്രതിരോധത്തിൽ കേരളം ശാസ്ത്രീയമായ മാർഗമാണ് സ്വീകരിച്ചത്. എല്ലാവർക്കും കോവിഡ് വന്നുപോകട്ടെയെന്ന് കരുതിയില്ല. പകരം മറ്റാളുകളിലേക്ക് പകരാതിരിക്കാനാണ് ശ്രദ്ധിച്ചത്. അതിനാൽ തന്നെ മരണനിരക്ക് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വളരെയധികം കുറയ്ക്കാനായി. പ്രതിദിനം 20,000 രോഗികളുണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം 10,000നകം രോഗികളാക്കി പിടിച്ചു നിർത്താൻ കേരളത്തിനായി. ഒരിക്കൽപോലും കോവിഡ് രോഗികളുടെ എണ്ണം കൂടി ആശുപത്രി നിറഞ്ഞ് കവിയുന്ന അവസ്ഥയുണ്ടായില്ല. ഐസിയുകളിൽ 50 ശതമാനവും വെന്റിലേറ്ററുകളിൽ 15 ശതമാനവും മാത്രമാണ് രോഗികളുള്ളത്. ബ്രേക്ക് ദ ചെയിനും റിവേഴ്‌സ് ക്വാറന്റൈനും ഫലപ്രദമായി കേരളം നടപ്പിലാക്കി. ഈ മഹാമാരി സമയത്ത് ഏറ്റവുമധികം ആളുകളുടെ ജീവൻ രക്ഷിച്ച സംസ്ഥാനമായി കേരളം മാറുന്നതാണ്. കേരളമായിരിക്കും ഏറ്റവും നല്ല പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. വാക്‌സിന്റെ ലഭ്യതയെപ്പറ്റിയും കേന്ദ്ര സംഘവുമായി ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!