
കൊച്ചി: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി പൊലീസില്‍ പരാതി നല്‍കി . കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇ മെയിലിലൂടെയാണ് പരാതി നല്‍കിയത്. ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചാണ്. ഫ്ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു.സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 ബി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ആളായതിനാല്‍ രഞ്ജിത്തിനെതിരെ തുടര്‍നിയമനടപടികള്‍ സ്വീകരിക്കാന്‍ അന്ന് എനിക്ക് സാധിച്ചിരുന്നില്ല. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ ഞാന്‍ എന്റെ ദുരനുഭവം മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. രഞ്ജിത്ത് നിര്‍ണായകമായ അധികാര പദവിയിലിരിക്കുന്ന ആളായതിനാല്‍ തന്റെ തുറന്നു പറച്ചില്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ചയായി. സുപ്രീംകോടതി വിധിപ്രകാരം ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ രഞ്ജിത്തിന്റെ പെരുമാറ്റത്തില്‍ രേഖാമൂലം പരാതി വേണ്ടെന്നാണ് ഞാന്‍ മനസിലാക്കിയത്. എന്നാല്‍ തന്റെ വെളിപ്പെടുത്തലില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതി വേണമെന്ന അധികാര പദവിയിലുള്ളവരുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതിനാലാണ് ഇ മെയില്‍ മുഖാന്തിരം ഇപ്പോള്‍ പരാതി നല്‍കുന്നത്. ഈ മെയില്‍ പരാതിയായി പരിഗണിച്ച് നിലവിലെ നിയമ പ്രകാരം അതിക്രമകാരിക്കെതിരെ ക്രിമിനല്‍ നിയമ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



