28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഐ.എഫ്.എഫ്.കെ. ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്നതില്‍ സംശയമില്ലെന്നു മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ പ്രശസ്ത നടന്‍ നാനാ പടേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ ചിത്രങ്ങള്‍ പൊരുതുന്ന പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അപൂര്‍വം മേളകള്‍ക്കു മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയന്‍ സംവിധായിക വനുരി കഹിയുവിനാണ് ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സമ്മാനിക്കുന്നത്. കൊളോണിയലിസത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും അവശേഷിക്കുന്ന കെനിയന്‍ സാഹചര്യത്തില്‍ വിലക്കുകള്‍ക്കും സെന്‍സര്‍ഷിപ്പുകള്‍ക്കുമെതിരേ പടവെട്ടി മുന്നേറുന്ന കലാകാരിയാണ് വനുരി കഹിയു. ഈ കലാപ്രവര്‍ത്തകയെ ആദരിക്കുകവഴി ഈ ചലച്ചിത്രോത്സവവും നമ്മുടെ നാടും ആര്‍ക്കൊപ്പമാണു നില്‍ക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം വനുരി കഹിയുവിന് മേയര്‍ ആര്യ രാജേന്ദ്രന്‍ ചടങ്ങില്‍ സമര്‍പ്പിച്ചു. ഫെസ്റ്റിവല്‍ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എല്‍.എ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ മധുപാലിന് നല്‍കി പ്രകാശനം ചെയ്തു. ഐ.എഫ്.എഫ്.കെ. ഡെയ്ലി ബുള്ളറ്റിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായയ്ക്കു നല്‍കി പ്രകാശനം ചെയ്തു. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്റെ പ്രകാശനം ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നല്‍കി നിര്‍വഹിച്ചു.
ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി. അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയര്‍പേഴ്സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനെത്തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദര്‍ശിപ്പിച്ചു. മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാന്‍ ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിച്ച ആദ്യ സുഡാന്‍ ചിത്രമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ ‘ലയരാഗ സമര്‍പ്പണം’ എന്ന സംഗീതപരിപാടിയും അരങ്ങേറി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



