‘തന്റേടം’ (അഞ്ച്.എ ക്ലാസ്സിലെ ഒരു ആണ്‍ കാഴ്ച)

അബ്ദുല്‍ സലീം എടവനംകുന്നത്ത്

എഴുത്തുകാരി ടീവി സുനീതയുടെ തന്റെടം എന്ന പുസ്തകത്തെ കുറിച്ച് പഴയ സഹപാഠി അബ്ദുസലീം ഇ.കെയുടെ ഹൃദ്യമായ കുറിപ്പ്

മുക്കം അഗസ്ത്യന്‍മുഴിയിലുള്ള താഴക്കോട് എ.യു.പി സ്‌കൂളിലെ പഴയ സഹപാഠി ഡോ. സുനിത. ടി.വി.യുടെ പുതിയ പുസ്തകം ‘തന്റേടം ‘ ഐബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. ഡോ.സുനിത ടി.വി.യുടെ സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ സൂചിപ്പിക്കുന്ന വിധം ആണ്‍ലോകത്തെ പെണ്‍കാഴ്ചയാണ് പുസ്തകമെങ്കിലും അവസാനത്തെ പത്ത് പേജുകളില്‍ ഞങ്ങള്‍ സ്‌കൂളില്‍ ഒരുമിച്ചു കണ്ട ചില കാഴ്ചകളും കൂടി ചെറുതായൊന്ന് മിന്നിമറയുന്നുണ്ട്,
അത് കൊണ്ട് തന്നെ തന്റേടത്തില്‍ ഞങ്ങള്‍ സഹപാഠികള്‍ക്കും ഒരിടമുണ്ട് എന്ന സന്തോഷമാണ് ഇങ്ങനെ ഒരു കുറിപ്പിനാധാരം!

ഈ പുസ്തകത്തിലെ മറ്റ് അധ്യായങ്ങള്‍ മിക്കതും ഇന്നെല്ലാവര്‍ക്കുമറിയാവുന്ന ഡോ.സുനിത ടി.വി.യുടെ നിലപാടുകളും കൈയ്യൊപ്പും
പതിഞ്ഞ രചനകള്‍ തന്നെ! അതിനെക്കുറിച്ചെന്തെങ്കിലുമെഴുതുന്നത് കൊക്കിലൊതുങ്ങാത്തത ്‌കൊത്തിവിഴുങ്ങലാവും, അത് കൊണ്ട് ആ ഉദ്യമത്തിന് മുതിരുന്നില്ല!
അപ്രതീക്ഷിതമായി പുസ്തകത്തില്‍ ‘ഒരിടം’

എണ്‍പതുകളില്‍് ‘വാര്‍ത്ത’ എന്ന ഐ.വി.ശശി ചിത്രത്തിന്റെ ചില രംഗങ്ങളുടെ ചിത്രീകരണം മുക്കത്തും പരിസര പ്രദേശങ്ങളില്‍ നടന്നിരുന്നു.
ആദിവാസികള്‍ക്ക് പട്ടയം നല്‍കുന്നതോ മറ്റോ ആയിരുന്നു ചിത്രീകരിച്ചത്.
ആദ്യ ദിവസം തന്നെ ഷൂട്ടിംഗ് കാണാനെത്തിയ നാട്ടുകാരില്‍ നിന്ന് കുറച്ച് പേരെ തെരഞ്ഞെടുത്തു ‘ നടന്‍മാരായി’. ബാക്കിയുള്ളവര്‍ ചടങ്ങിന്റെ കാഴ്ചക്കാരായി ഫ്രെയിമില്‍ തന്നെ .ആനന്ദ ലബ്ധിക്കിനിയിന്തു വേണം!

ഷൂട്ടിംഗ് കഴിഞ്ഞു പിന്നീടൊരുകാത്തിരിപ്പായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരേക്കാള്‍ ആകാംക്ഷയോടെവാര്‍ത്തയൊന്ന് തിയേറ്ററിലെത്തിക്കിട്ടാന്‍ ഞങ്ങള്‍ ‘അഭിനേതാക്കള്‍’ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.

അന്ന് മുക്കത്തും പരിസര പ്രദേശത്തുമൊന്നും സിനിമയുടെ റിലീസ് ഇല്ലാത്ത കാലം !
ഒന്നാമത്തെ ദിവസം ഒന്നാമത്തെ ഷോ തന്നെ കാണാന്‍ പലരും ആദ്യവണ്ടിക്ക് കോഴിക്കോട്ടേക്ക് വെച്ച്പിടിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്….

ആ ഒരു മാനസികാസ്ഥയിലായിരുന്നു സുനിതയുടെ തന്റേടം ഇറങ്ങുന്നു എന്നറിഞ്ഞത് മുതല്‍ !1!
ഒരിക്കല്‍ സുനിത സൂചിപ്പിച്ചിരുന്നു ഒരല്‍പം ആത്മകഥാംശങ്ങളുള്ള ചില അധ്യായങ്ങള്‍കൂടി ഉണ്ട് അടുത്ത പുസ്തകത്തിലെന്ന്!
പ്രസാധകരായ ‘ഐ ബുക്‌സി’ന്റെ കോഴിക്കോടുള്ള ഓഫീസില്‍ പോയി പുസ്തകംവാങ്ങി ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത്ത ശേഷമേ ആ അസ്‌കിതക്ക് ഒരു പരിഹാരമായുള്ളൂ. അവസാന അധ്യായങ്ങള്‍ ആദ്യം വായിച്ചു തീര്‍ത്തു എന്ന് പ്രത്യേകം പറയേണ്ടല്ലോ.

‘വാര്‍ത്ത’പോലെ തന്നെ ഒട്ടും നിരാശരാക്കിയില്ല സുനിതയും.
ഐ.വി.ശശി ഏതാണ്ട് അഞ്ച് മിനിറ്റോളം ഞങ്ങളില്‍ ചിലരുടെയൊക്കെ മുഖങ്ങള്‍ മിന്നി മറയുന്ന രംഗങ്ങള്‍ സിനിമയില്‍ നിലനിര്‍ത്തിയപ്പോള്‍ ഒരു ചെറിയ അധ്യായം തന്നെ ഞങ്ങളൊക്കെ ഫ്രെയിമില്‍ വരുന്ന, തന്നെ ഏറെ സ്വാധീനിച്ച പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി മാസ്റ്ററെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പിനായി മാറ്റി വെച്ചിരിക്കുന്നു.

ഓര്‍മ്മയില്‍ ആ അധ്യയന വര്‍ഷാരംഭം
……………………………..
1980 ജൂണ്‍ 2 തിങ്കളാഴ്ചയാണ്.
ഒരു അധ്യയന വര്‍ഷത്തിന്റെ ആരംഭം.
ഇന്നത്തെ പോലെ ആദ്യ ദിവസം പ്രവേശനോല്‍സവവും ആഘോഷങ്ങളുമൊന്നുമില്ല. താഴക്കോട് എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സിലേക്കുള്ള എന്റേയും ആദ്യ യാത്രയാണ്!
മദ്രസ്സ വിട്ട് ബാപ്പയുടെ ചായക്കടയില്‍ നിന്ന് ചായയും കുടിച്ച് സ്‌കൂളിലേക്കുള്ള ഓട്ടമാണ് . ആദ്യ ദിവസമായത് കാരണം കുട്ടികള്‍ ആരും ക്ലാസ്സിന് പുറത്തെങ്ങുമില്ല! അല്‍പംവൈകിയെത്തിയതിന്റെ അങ്കലാപ്പിലാണ് ഞാനും . അപ്പോഴാണ് തൊട്ടു മുന്നില്‍ രണ്ടു മൂന്ന് പേര്‍ എന്റെ ക്ലാസ് ലക്ഷ്യമാക്കി ധൃതിയില്‍ നടക്കുന്നു,
അല്ല ഓടുന്നു. ഒറ്റയോട്ടത്തിന്ന് അവരെ മറികടന്ന് അവസാനക്കാരനാവാതെ അവസാന ബെഞ്ചില്‍ അയല്‍വാസിയായ
മംഗളന്‍ ‘;പിടിച്ച് വെച്ച ‘ സ്ഥലത്ത് കയറിയിരിക്കുമ്പോള്‍ ക്ലാസ് ടീച്ചറായ മേരി ടീച്ചര്‍ ക്ലാസ്സിലെത്തിയിട്ടില്ല. പിന്നെ എന്റെ ശ്രദ്ധ സ്വാഭാവികമായും എന്നോടു
ഓട്ടത്തില്‍ ‘തോറ്റ’വരുടെ കടന്ന് വരവിലായിരുന്നു…
കുഞ്ഞുടുപ്പിട്ട് മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി മുടി പ്രത്യേക രീതിയില്‍ തോളൊപ്പംമുറിച്ച് ഒരു പെണ്‍കുട്ടി മാത്രം.
ഒന്ന് സംശയിച്ച് ക്ലാസിലാകെയൊന്ന് കണ്ണോടിച്ച് എല്ലാവരേയും നോക്കിച്ചിരിച്ച് റാണി തോമസും ഷെറി ജോസഫും ഷാജിതയുമിരുന്ന രണ്ടാമത്തെ ബഞ്ചില്‍ വലതു വശത്തായി പോയിരുന്നു. ഇടക്ക് പല തവണ ഞങ്ങളെ തിരിഞ്ഞും മറിഞ്ഞും നോക്കി വീണ്ടും പുഞ്ചിരിച്ചു.

മേരി ടീച്ചര്‍ ആദ്യമായിവന്നു ഹാജര്‍ വിളി തുടങ്ങി .
അവസാനം ടീച്ചറുടെ ചോദ്യം പേര് വിളിക്കാത്ത ആരെങ്കിലും?
ആ പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് ഞങ്ങളെ നോക്കി വീണ്ടുംചിരിച്ചു. ചിരിച്ച്‌കൊണ്ടെന്തോ പറഞ്ഞു, ടീച്ചറുള്‍പ്പെടെ ആരും ഒന്നും കേട്ടില്ല,
ടീച്ചറടുത്തു ചെന്നു …..
പിന്നീടൊരുകാര്യം ഞാന്‍ ശ്രദ്ധിച്ചു പിറ്റേ ദിവസം മുതല്‍ ടീച്ചര്‍ അവസാനം പേര് വിളിക്കുന്നതിന് പകരം തലയുയര്‍ത്തി
ആ രണ്ടാം ബെഞ്ചിന്റെ അറ്റത്തേക്ക് ഒന്ന് നോക്കും….

അത് കൊണ്ടു തന്നെ ആ കുട്ടിയുടെ ശബ്ദം ഉയര്‍ന്ന് കേട്ടത് ക്ലാസ്സിലെ ആര്‍ക്കു മറിയാത്ത ഉത്തരങ്ങള്‍ പറയുന്ന അപൂര്‍വ്വാവസരങ്ങളില്‍ മാത്രം.
കുറച്ച് കാലം കഴിഞ്ഞ്
ഇടക്കെപ്പഴോ മേരി ടീച്ചര്‍ ചോദിക്കുന്നത് കേട്ടിരുന്നു ആ കുട്ടിയോട് മൂകാംബിക പോയോ എന്ന്?
അങ്ങനെ എന്തോ ഒരു ‘രഹസ്യ ഇടപാട് ‘ആ ഹാജര്‍ പട്ടികയിലുണ്ടായിരുന്നെന്നറിഞ്ഞത് പിന്നീട് !
മുന്‍ ബെഞ്ചിലിരിക്കുന്ന
പ്രശാന്തും പ്രമോദും ബൈജുവും
രജനീഷുമൊക്കെ ക്ലാസ്സില്‍ ഒന്നാം സ്ഥാനത്തിന് മല്‍സരിക്കുമ്പോള്‍ ”അത്തരം വിജയങ്ങളില്‍ വലിയ കാര്യമില്ലെന്ന്
നവ മാധ്യമ പോസ്റ്റുകള്‍ വരും മുമ്പേ ബോധ്യമുള്ള
ഞങ്ങള്‍ പിന്‍ബഞ്ചുകാരെ പോലും അല്‍ഭുതപ്പെടുത്തിക്കൊണ്ട് പരീക്ഷാപേപ്പര്‍ തരുന്ന ദിവസങ്ങളി ആ പെണ്‍ കുട്ടിയുടെ
മുഖത്തെ ചിരി കൂടുതല്‍ തിളക്കത്തോടെ തന്നെ നില നിന്നിരുന്നതോര്‍ക്കുന്നു.

ഒരിക്കല്‍ ബാപ്പയുടെ ചായക്കടയില്‍ വെച്ച് ബാപ്പയുടെ പരിചയക്കാരനായ ബാപ്പയെപ്പോലെ ഖദര്‍ വസ്ത്രം മാത്രം ധരിച്ചെത്തുന്ന ഒരാളുടെ
ഏത് ക്ലാസ്സില്‍ പഠിക്കുന്നു ചോദ്യത്തിന് അഗസ്ത്യന്‍മുഴിയില്‍ അഞ്ചാം തരത്തിലെന്ന് ഉത്തരം പറഞ്ഞപ്പോള്‍ ‘ഇല്ലത്ത്‌നിന്നൊരുത്തിയണ്ടവിടെ’ എന്ന പ്രതികരണം ആ പെണ്‍കുട്ടി ബാപ്പയുടെ സുഹൃത്തിന്റെ മകളാണെന്ന പുതിയ അറിവ് കൂടി സമ്മാനിച്ചു.

അസൂര്യം പശ്യ.

…………………….
നവജാത ശിശുക്കളുടെ ചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ ?
എല്ലാര്‍ക്കും ഒരേ ഛായയായിരിക്കും. അത് പോലെ തന്നെയാവും വാക്കുകള്‍ കൊണ്ടുവരക്കുന്ന എല്ലാ
‘അമ്മച്ചിത്രങ്ങള്‍ക്കും’ തന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും സുഖദു:ഖങ്ങള്‍ മാത്രം നോക്കി ജീവിക്കുന്ന ഏത് സ്ത്രീജന്മങ്ങളുടെ ചിത്രവും ഒരു പോലെ തന്നെയിരിക്കും. വര്‍ണ്ണക്കൂട്ടുകള്‍ ചേര്‍ക്കാത്ത വെറും കറുപ്പും വെളുപ്പും കൊണ്ട് മാത്രം വരച്ചു ചേര്‍ത്ത ചിത്രങ്ങള്‍. സുനിത ടി.വി.ഓര്‍മ്മകളില്‍ സ്വന്തം അമ്മയെ വരച്ചു ചേര്‍ക്കാന്‍ ഉപയോഗിച്ച ചായക്കൂട്ടുകള്‍ തന്നെ മതി ഉമ്മയെയും എനിക്ക് വരച്ച് ചേര്‍ക്കാന്‍, പശ്ചാതലം ഒന്ന് മാറ്റിയിടണം, ഇടക്കെപ്പോഴെങ്കിലും ഉരുവിടുന്ന ഭാഗവതശ്ശോകങ്ങള്‍ക്ക് പകരം ഖുര്‍ആന്‍ വചനങ്ങള്‍ എന്ന് തിരുത്തണം.
അത് കൊണ്ട് തന്നെയാവണം ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രം കണ്ട ആ അമ്മയെക്കുറിച്ചുള്ള വിവരണം നെഞ്ചിനകത്തൊരു നേര്‍ത്തതേങ്ങലായി ഇപ്പോഴുമവശേ ഷിക്കുന്നതും.

എന്റെ കൂടെ പഠിച്ച
സുനീതയില്‍ നിന്നും സുനീത ടി.വി. എന്ന സ്ത്രീപക്ഷവാദിലേക്കുള്ള രൂപാന്തരീകരണം എവിടെ നിന്നായിരുന്നെന്ന് ഈ അമ്മച്ചിത്രത്തില്‍ നിന്ന് മനസ്സിലാവുന്നു.

ഭീതിയുടെ മൂന്നാം കണ്ണ്
………………………………..

ഓണവും, വിഷുവും വര്‍ഷത്തില്‍
രാമേട്ടന്‍ അവധിയെടുക്കുന്ന രണ്ട് ദിവസങ്ങളാണ്. അന്ന് ബാപ്പയുടെ ചായക്കടയിലേക്കുള്ള പാലിനായി വളര്‍ത്തിയിരുന്ന അഞ്ചാറ് എരുമകളെ നോക്കുന്ന ജോലി എനിക്കും സഹോദരന്‍മാര്‍ക്കുമൊക്കെയാണ്. രാവിലെ അഗസ്ത്യന്‍ മുഴി പാലത്തിനടിയിലൂടെ തുടങ്ങും എരുമകളുമായുള്ള യാത്ര വയലിന്നടുവിലൂടെ കൊറ്റങ്ങല്‍ തറവാട്ടിലേക്കുള്ള വഴിയും കഴിഞ്ഞ് മാമ്പറ്റ അങ്ങാടിക്കടുത്തുള്ള സുനിതയുടെ വീടിനോടു ചേര്‍ന്ന തോട്ടിലൂടെ വെസ്റ്റ് മാമ്പറ്റ വരേയാണ് മേച്ചില്‍ സ്ഥലം!
സുനിതയുടെ വീടെത്താറാവുമ്പോള്‍ പാത്തും പതുങ്ങിയും റോഡ് മുറിച്ച്കടക്കും. അവളെങ്ങാനും കണ്ടാലോ ചമ്മലാണ് .
ഉച്ചകഴിഞ്ഞ് മൂന്ന് മണിയൊക്കെയാകും തിരിച്ചെത്താന്‍. അപ്പോഴേക്കും നാട്ടിലെ ഓണവും വിഷുവുമൊക്കെ ആഘോഷിച്ച് തീര്‍ന്നിരിക്കും… അങ്ങനെ ആഘോഷ ദിനങ്ങളില്‍ ഞങ്ങള്‍ ഇടയന്‍മാരാകും.
സ്‌കൂളിലെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിട്ട് തരുമ്പോള്‍ മാര്‍ക്ക് നോക്കി ബാപ്പ പറയുന്ന ഒരു വാചകമുണ്ട് പഠിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് ! രാമന് വയസ്സായാല്‍ എരുമകളെ നോക്കാന്‍ ആളു വേണമല്ലോ….
എങ്ങനെയെങ്കിലും നല്ല മാര്‍ക്ക് വാങ്ങി എസ്.എസ്.എല്‍.സി എന്ന കടമ്പ കടക്കാനും ഒരു സര്‍ക്കാര്‍ ജോലി സമ്പാദിക്കാനും രാമേട്ടനും ആ എരുമകളും തന്ന ഊര്‍ജ്ജം ചില്ലറയല്ല!

സുനിതയുടെ ജീവിതത്തിലും ഇതിനു സമാനമായൊരനുഭവം പറയുന്നുണ്ട് തന്റേടത്തില്‍ ”ഭീതിയുടെ മൂന്നാം കണ്ണ്” ആര്‍ക്കോ വേണ്ടി ജീവിച്ച് എരിഞ്ഞടങ്ങിയ ഒരു മുത്തശ്ശിയുടെ ഓര്‍മ്മ. ആ ജീവിതം സ്വയം സങ്കല്‍പ്പിച്ച് അതില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമം അതായിരുന്നു പഠിക്കാന്‍, തൊഴില്‍ നേടാന്‍ സ്വന്തംകാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ പ്രേരകശക്തിയായി വര്‍ത്തിച്ചത് എന്ന് എഴുത്തുകാരി തുറന്ന് പറയുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ മനസ്സിലുണ്ടാക്കുന്ന വേദനകള്‍ക്കൊപ്പം അതിനെ അതിജീവിക്കാനുള്ള ഉള്‍ക്കരുത്തു കൂടി ആര്‍ജ്ജിക്കണമെന്ന സന്ദേശം കൂടിയാണ് ഈ അധ്യായം! ഇങ്ങനെ നമ്മളിലോരോരുത്തര്‍ക്കുമുണ്ടാവും ഓര്‍മ്മയില്‍ ഒരു മൂന്നാം കണ്ണ്!

മുപ്പത്തി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ അധ്യയന വര്‍ഷാരംഭത്തില്‍ കണ്ട അതേ ചിരി ഒരുപുസ്തകത്തിന്റെ പുറംചട്ടയില്‍ കാണുമ്പോള്‍ കാലചക്രം നിമിഷങ്ങള്‍ക്കകം തിരികെ കറങ്ങിയ അനുഭവമായിരുന്നു എനിക്ക്.

മുപ്പത്തി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ പഠിച്ച സ്‌കൂളിലെ വാര്‍ഷികത്തില്‍ മുഖ്യപ്രഭാഷകയുടെ ശബ്ദം അപ്രതീക്ഷിതമായി കേട്ടപ്പോള്‍ മൂന്ന് വര്‍ഷം ഒരേ ക്ലാസ്സിലും മൂന്ന് വര്‍ഷം ഒരേ സ്‌കൂളിലും ഒരുമിച്ച് പഠിച്ചിട്ടും ഒരിക്കല്‍ പോലും ആ ശബ്ദം ഉയര്‍ന്ന് കേട്ടിരുന്നില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഞാന്‍.

ഈ അടുത്ത് മണാശ്ശേരി സ്‌കൂളില്‍ നടന്ന മുക്കം ലിറ്ററേച്ചര്‍ ഫെസ്റ്റിന്റ ഭാഗമായുള്ള സംവാദത്തില്‍ കുറിക്കു കൊള്ളുന്ന വാദമുഖങ്ങള്‍ നിരത്തി പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് അര്‍ത്ഥശങ്കക്കിടവരാത്ത ഉത്തരങ്ങള്‍ നല്‍കി അമ്പരപ്പിക്കുമ്പോള്‍ അഭിമാനത്തോടെ ആദരവോടെ ആള്‍ക്കൂട്ടത്തിലിരുന്നു കൈയ്യടിക്കുകയായിരുന്നു ഞാന്‍!

‘തന്‍േറട’ ത്തിന്റെ മൂന്നാം ഭാഗത്തിലെ അവസാന മൂന്ന് അധ്യായങ്ങള്‍ വായിച്ചപ്പോള്‍ അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെ ക്വിസ് മല്‍സരങ്ങളിലൊഴികെ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്ത ഒരുെപണ്‍കുട്ടിയില്‍ നിന്നും ഇന്ന് മലയാളികളറിയുന്ന മാധ്യമ പ്രവര്‍ത്തകയും, എഴുത്തുകാരിയും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയും സര്‍വ്വോപരി ശുദ്ധ സ്ത്രീപക്ഷവാദിയുമായി മാറിയതെങ്ങനെയെന്ന് കരതലാമലകം പോലെ ബോധ്യം വന്നു.
സ്‌കൂളില്‍ പോകാതെ തന്നെ അക്ഷരങ്ങള്‍ പഠിച്ച് പത്ത് വയസ്സിനു മുമ്പ് മാമ്പറ്റയിലെ റെഡ്‌സണ്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ച് തുടങ്ങിയ തന്റെ വ്യഥകള്‍ മുഴുവന്‍ നിറപുഞ്ചിരിലൊതുക്കാന്‍ ആ പ്രായത്തില്‍ തന്നെ ശീലിച്ച ആ പെണ്‍കുട്ടിയെ പാഠ്യവിഷയങ്ങളില്‍ മറികടക്കാന്‍ ക്ലാസ്സിലാര്‍ക്കുമാകാതിരുന്നതില്‍ ഇന്ന് അല്‍ഭുതം തോന്നുന്നില്ല…..

Related Articles