കാനഡ, ഒരു നിശബ്ദ ശാലീന സുന്ദരി….സറീന ഷമീറിന്റെ യാത്രാകുറിപ്പ്

സറീന ഷമീര്‍.
സറീന ഷമീര്‍.

ജീവിതം, അനുഭൂതികളുടെ മഹാപ്രപഞ്ചം. ഇവിടെ നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് ഞാനറിയുന്നു. എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന ഒരു കാനഡ യാത്ര കഴിഞ്ഞ് ഞാനും കുടുംബവും തിരിച്ചെത്തി.

അല്‍ഹംദുലില്ലാഹ്….. കാനഡ, ഒരു നിശബ്ദ ശാലീന സുന്ദരി, ഒരുതരം ശ്മശാനമൂകതയാണ് ഈ നാടിന്റെ മുഖമുദ്ര. കൈയെത്തും ദൂരത്താണെന്ന് തോന്നിക്കുന്ന തനി നീലിമയുള്ള അതിവിശാലമായ ആകാശം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരോ മരവും വീടും പുഴയും, എന്തിന്, ആകാശപാളി പോലും ഒരു മികച്ച ഫ്രെയിമാവാന്‍ സാധ്യതയുള്ളവ.

ഒരമ്മ പെറ്റ മക്കളെ പോലുള്ള വീടുകളുടെ എലിവേഷന്‍, ചുറ്റുമുള്ള പുല്ലിന്റെ നീളം പോലും ഗവണ്‍മെന്റാണത്രേ നിശ്ചയിക്കുക! മരം കോച്ചുന്ന തണുപ്പെന്ന കേട്ടുകേള്‍വി മാത്രമുള്ള ഞങ്ങള്‍ക്ക് അത് ശരിക്കും അനുഭവിക്കാന്‍ കഴിഞ്ഞു. ഇവിടെ നേരമേറെ വൈകിയാലും സൂര്യന്‍ നമ്മെ വിട്ടു പോകാന്‍ മടിക്കും. സന്ധ്യയാകുന്നത് എട്ടരയ്ക്ക് ശേഷം!

നമ്മുടെ ബുര്‍ജ് ഖലീഫ മഹാന്‍ വരുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന ഗമയോടെ തലയുയര്‍ത്തി നിന്ന CN tower കാണാന്‍ പോയി ഞങ്ങളാദ്യം.

ലേഖിക സിഎന്‍ ടവറിന് മുന്നില്‍
ലേഖിക സിഎന്‍ ടവറിന് മുന്നില്‍

വിമാനത്തിന്റെ മുകളില്‍ നിന്നുള്ള കാഴ്ചയില്‍ നിന്നും വ്യത്യസ്തമായി ഒന്നുമില്ലെന്ന നിസ്സംഗതയില്‍ കയറിയ ഞാന്‍ ശരിക്കും അമ്പരന്നുപോയി പോയി, അതിമനോഹര കാഴ്ചവിസ്മയം! കാനഡ മുഴുവന്‍ ഒറ്റനോട്ടത്തില്‍, തീരെ കുഞ്ഞായ കെട്ടിടങ്ങള്‍, ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍, കടല്‍ പോലെ വിശാലമായ ലെയ്ക്ക് ഓണ്‍ടാരിയോ, ചെറുദ്വീപിലെ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനത്തിന്റെ ടേക്ക് ഓഫും ലാന്‍ഡിംഗും വെള്ളരിപ്രാവിന്റെ ചലനങ്ങള്‍ പോലെ ചേതോഹരം.

കണ്ണെടുക്കാനാകാതെ എത്രനേരം നോക്കി നിന്നെന്ന് എനിക്ക് തന്നെ നിശ്ചയമില്ല. റിപ്ലീസ് അക്വേറിയത്തില്‍ വിഷക്കൊമ്പ് നീക്കി ‘ ഡീസന്റായ’ തിരണ്ടികള്‍ക്ക് ( Stingray) ഹസ്തദാനം നല്‍കി സുഹൃത്തുക്കളാകാം. ജെല്ലി ഫിഷ്, സീ അനിമോണ്‍, സ്റ്റാര്‍ ഫിഷ്, സ്രാവ് എന്നിവയുടെ ചെറുനിശ്വാസം തൊട്ടുനോക്കാം.

നിശബ്ദത തളം കെട്ടിയ നാട്ടിലെ മെട്രോ ട്രെയിനിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല, Quiet zone! വായാടിയായ മകനെ അടക്കിനിര്‍ത്താന്‍ ഞാന്‍ പാടുപെട്ടു. ആരോഗ്യദൃഢഗാത്രരായ വയോധികര്‍, തനിയെ സഞ്ചരിക്കുന്ന വീല്‍ചെയറുകള്‍ എങ്ങുമുള്ള കാഴ്ചയാണ്. വെള്ളച്ചാട്ടങ്ങളുടെ ചക്രവര്‍ത്തിയായ നയാഗ്ര കാണാന്‍ പോയി. ശക്തമായ കുത്തൊഴുക്ക് കറുത്ത പാറക്കുട്ടന്മാരെ വരെ സായ്പ്പന്മാരാക്കി മാറ്റിയിരിക്കുന്നു. ജലബാഷ്പം ഒരു മേഘക്കുഞ്ഞിനെ സമ്മാനിച്ചെന്നു തോന്നി.

ശരീരം തുളക്കുന്ന തണുപ്പില്‍ പമ്മി നടന്ന ഞങ്ങളെ ടൂര്‍ഗൈഡ് റാബിതാത്ത ശകാരിച്ചു ‘ഇവിടെയാരും പതുക്കെ നടക്കാറില്ല, ഇവിടെ ടൈം ഈസ് മണി….’ പ്രകൃതിഭംഗിയുടെ അമൂര്‍ത്തഭാവങ്ങളെ നിശ്ചലമാക്കി മതിയാവാതെ ഞാന്‍ മെല്ലെ വീഡിയോയെടുപ്പിലേക്ക് ചേക്കേറി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗകുമാര്യം, അസീസ്‌ക്കയുടെയും കുടുംബത്തിന്റെയും ആതിഥ്യ മര്യാദയൊക്കെ ഹൃദ്യമായ അനുഭവങ്ങളായി.

വര്‍ഷങ്ങളായി കാനഡയില്‍ സ്ഥിരതാമസമാക്കിയ എന്റെ സഹോദരി റാബിതാത്തയുടെ പ്രിയ നാട് കൗതുക കാഴ്ചയേകി ഞങ്ങള്‍ക്കും പ്രിയപ്പെട്ടതായി…

Share news
 • 42
 •  
 •  
 •  
 •  
 •  
 • 42
 •  
 •  
 •  
 •  
 •