കോവിഡ്-19 മഹാമാരി പൂര്‍ണമായും തകര്‍ത്തുകളഞ്ഞ ഒരു മേഖലയാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരം മാത്രം വരുമാനമാര്‍ഗ്ഗമായി കണ്ടിരുന്ന രാജ്യങ്ങളെ വലിയ തോതിലാണ് ഈ പ്രതിസന്ധി ബാധിച്ചത്. അതിനാല്‍തന്നെ തായ്ലന്‍ഡിനെ പോലുള്ള ചെറുരാജ്യങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. തായ്ലന്‍ഡിലെ വിനോദസഞ്ചാരമേഖല താറുമാറായ അവസ്ഥയിലാണ്. തകര്‍ന്നു കിടക്കുന്ന രാജ്യത്തെ സമ്പദ്ഘടനയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി രാജ്യത്ത് വിനോദസഞ്ചാര മേഖലയുടെ സഹായത്തോട് കൂടി ”ഫൂക്കറ്റ് സാന്‍ഡ്ബോക്‌സ്” എന്ന വിനോദസഞ്ചാര പദ്ധതി രാജ്യം ആവിഷ്‌കരിച്ചിരിക്കുകയാണ്.
സാന്‍ഡ്ബോക്സ് പദ്ധതി പ്രകാരം, ഫൂക്കറ്റിലേക്കുള്ള സന്ദര്‍ശകരെ രാജ്യത്തെ മുഴുവന്‍ ദ്വീപുകളിലും കറങ്ങാന്‍ അനുവദിക്കും. വൈറ്റ് ബീച്ചുകളില്‍ വിശ്രമം, ജെറ്റ് സ്‌കീ, വൈകുന്നേരങ്ങളില്‍ റെസ്റ്റോറന്റുകളില്‍ ഭക്ഷണം, തുടങ്ങി ആകര്‍ഷകമായ നിരവധി പദ്ധതികള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
പകര്‍ച്ചവ്യാധി മൂലം തകര്‍ന്ന ടൂറിസം വ്യവസായത്തിലേക്ക് പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് തായ്ലന്‍ഡ് വ്യാഴാഴ്ച തുടങ്ങിയ ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ തായ്ലന്‍ഡിന്റെ സമ്പദ്വ്യവസ്ഥ പുനരുദ്ധാനം ചെയ്യുന്നതിനും, രാജ്യം വീണ്ടും ടൂറിസത്തിലേക്ക് നയിക്കാനും പ്രധാനമന്ത്രി പ്രാര്‍ത്ഥ് ചാന്‍-ഒച്ച തീരുമാനമെടുത്തിട്ടുണ്ട്. 2020 വര്‍ഷാവസാനം തന്നെ, തായ്ലന്‍ഡില്‍ അന്താരാഷ്ട്ര ടൂറിസം ആരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. അതില്‍ ഗോള്‍ഫ് ക്വാറന്റൈന്‍, ദീര്‍ഘനേരത്തേക്കുള്ള വിസ എന്നിവ ഉള്‍പ്പെടുന്നു.
എന്നാല്‍ രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞതിനാല്‍ ആ പദ്ധതി വിചാരിച്ചതുപോലെ നടന്നില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് അന്താരാഷ്ട്ര ടൂറിസം എന്നതിനാല്‍, അത് പുനരാരംഭിക്കാനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂലൈ 1 മുതല്‍ വാക്‌സിനേഷന്‍ ലഭിച്ച ടൂറിസ്റ്റുകള്‍ക്ക് യാതൊരു ക്വാറന്റൈനിലും പോകാതെ തന്നെ ഫൂക്കറ്റിന്റെ തായ് ബീച്ച് സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്. മഹാമാരിയുടെ മൂന്നാം തരംഗവുമായി രാജ്യം പോരാടുകയാണെന്നതിനാല്‍ ഈ തീരുമാനം അപകടകരമാകുമെങ്കിലും, രാജ്യത്തിന് അനുയോജ്യമായത് ഇതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു. തായ്ലന്‍ഡിന്റെ ജിഡിപിയുടെ 11% വരുന്നത് വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ നിന്നാണ്. ഒപ്പം തായ്ലന്‍ഡിന്റെ 20% തൊഴിലും ആശ്രയിച്ചിരിക്കുന്നത് ഈ വ്യവസായത്തിനെയാണ്.
2019 മുതല്‍ ഈ വര്‍ഷം വരെ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ക്വാറന്റൈന്‍ രഹിത പരീക്ഷണത്തെ ”ഫൂക്കറ്റ് സാന്‍ഡ്‌ബോക്‌സ്” എന്നാണ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്. ഈ പരീക്ഷണത്തിന്റെ വിജയം മറ്റ് പ്രധാന ദൈനംദിന കാര്യങ്ങളിലേക്ക് നയിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.
”ഫൂക്കറ്റ് സാന്‍ഡ്‌ബോക്‌സ്” പരീക്ഷണ പദ്ധയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ബാധ നന്നേ കുറവും അല്ലെങ്കില്‍ ഇടത്തരം രീതിയില്‍ അപകടസാധ്യതയുള്ള 66 രാജ്യങ്ങളില്‍ ചുരുങ്ങിയത് 21 ദിവസമെങ്കിലും തങ്ങിയ ആളുകള്‍ക്ക് മാത്രമേ ഫൂക്കറ്റിലേക്ക് ക്വാറന്റൈനില്ലാതെ പ്രവേശനം നല്‍കൂ. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇപ്പോഴും തായ്ലന്‍ഡിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. തായ്ലന്‍ഡിലേക്ക് വിസ ലഭിക്കുന്നതിന് അവര്‍ പ്രവേശന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഹ്രസ്വകാല താമസത്തിന് വിസയില്‍ നിന്ന് ഒഴിവുള്ള ചില രാജ്യങ്ങളുണ്ട്.
ജൂണ്‍ 29 ന്, ഈ പരീക്ഷണത്തിനായി പാലിക്കേണ്ട ഔദ്യോഗിക നിയമങ്ങള്‍ തായ് റോയല്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായി വന്നാല്‍ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ചില വ്യവസ്ഥകളുമുണ്ട്. ഉദാഹരണത്തിന്, ഫൂക്കറ്റിന്റെ ഓരോ ആഴ്ചയിലും അണുബാധ 90 ല്‍ എത്തിയാല്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ശേഷിയുടെ 80% വരെ ഉയര്‍ന്നാല്‍ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതാണ്.




