Section

malabari-logo-mobile

പാഠപുസ്തക വിതരണം: മൂന്നു വാല്യങ്ങളും മുഴുവനായി അച്ചടിച്ച് വിതരണം ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്; കോവിഡ് മഹാമാരിക്കാലത്ത് മികച്ച നേട്ടമെന്ന് മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Textbook Distribution: The Department of Public Instruction distributes all three volumes in full print; Minister V Sivankutty said that it was a g...

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 2021-22 അദ്ധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാകുട്ടികള്‍ക്കും ആവശ്യമായ പാഠപുസ്തകങ്ങള്‍ എത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. മുന്‍ വര്‍ഷത്തിലേത് പോലെ ഇത്തവണയും മൂന്ന് വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങള്‍ അച്ചടിച്ചത്.

ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങള്‍ യഥാക്രമം183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ് ഉള്ളത്. ഇതില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ കോവിഡിന്റെ കഠിനമായ സാഹചര്യത്തില്‍ പോലും ജൂണ്‍ ആദ്യവാരം തന്നെ വിതരണം പൂര്‍ത്തീകരിച്ചിരുന്നു. ഇത് 2.62 കോടി പാഠ പുസ്തകങ്ങളാണ്. കൂടാതെ പുതുതായി ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്ന കുട്ടികള്‍ക്കായി ഏകദേശം 10 ലക്ഷം ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ അധികമായും നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള 1.71കോടി രണ്ടാം വാല്യം പാഠപുസ്തകങ്ങളും വിതരണം പൂര്‍ത്തീകരിച്ച് പുതുതായി വന്നുചേര്‍ന്ന കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണവും നടത്തിയിട്ടുണ്ട്.

മൂന്നാം വാല്യം ആകെയുള്ള 66 ടൈറ്റിലുകളില്‍ 46 ടൈറ്റിലുകള്‍ രണ്ടാം വാല്യത്തോടൊപ്പം സംയോജിപ്പിച്ച് അച്ചടിച്ച് വിതരണം നടത്തിയിട്ടുള്ളതിനാല്‍ ഈ വര്‍ഷം മൂന്നാം വാല്യം 20 ടൈറ്റിലുകളാണ് അവശേഷിച്ചിരുന്നത്. മൂന്നാം വാല്യം 19.34 ലക്ഷം പുസ്തകങ്ങളുള്‍പ്പടെ 2021-22 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ എല്ലാ പാഠപുസ്തകങ്ങളുടേയും വിതരണം ചെയ്യാനായി.

2022-23 അദ്ധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഹയര്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ആരംഭിച്ചിട്ടുണ്ട്. അടുത്ത അദ്ധ്യയന വര്‍ഷത്തേക്ക് ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസില്‍ ആരംഭിച്ചുകഴിഞ്ഞു.

കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യാനായത് മികച്ച നേട്ടമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. അടുത്ത അധ്യയന വര്‍ഷം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!