HIGHLIGHTS : Telugu Defamation Reference; Actress Kasturi arrested
ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്ന് നടി കസ്തൂരി അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നടിക്കെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ബ്രാഹ്‌മണ സമുദായത്തിനെതിരെ തുടര്‍ച്ചയായി നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ അപലപിച്ച് ചെന്നൈയിലെ എഗ്മോറിലെ രാജരത്‌നം സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 3ന് ഒരു പ്രതിഷേധ സംഗമം നടത്തിയിരുന്നു. ബിജെപി നേതാവ് കരു നാഗരാജന്‍, ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത്, നടി കസ്തൂരി, മധുവന്തി എന്നിവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇവിടെ പ്രസംഗിക്കുന്ന വേളയിലാണ് കസ്തൂരി വിവാദ പ്രസ്താവന നടത്തിയത്.
അമരന്‍ എന്ന സിനിമയില്‍ മേജര്‍ മുകുന്ദ് ത്യാഗരാജന്‍ ബ്രാഹ്‌മണ സമുദായത്തില്‍ പെട്ട ആളെന്ന് കാണിച്ചില്ലെന്ന് ഈ യോഗത്തില്‍ കസ്തൂരി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൂടാതെ ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഡിഎംകെയെക്കുറിച്ചും കസ്തൂരി വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഒപ്പം ഇതേ പ്രസംഗത്തില്‍ തെലുങ്ക് സംസാരിക്കുന്നവരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെ അഖിലേന്ത്യ തെലുങ്ക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നന്ദഗോപാല്‍ എഗ്മോര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാിയിരുന്നു. തെലുങ്ക് സംസാരിക്കുന്ന ആളുകളെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നടി കസ്തൂരിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതി. പിന്നാലെ ഈ മാസം അഞ്ചിന് നടി കസ്തൂരിക്കെതിരെ നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു