മാലിന്യം തള്ളാനെത്തിയ വാഹനത്തെ പിന്തുടര്‍ന്ന നാട്ടുകാര്‍ക്ക് നേരെ ആക്രമണം;മൂന്ന്.പേര്‍ റിമാന്‍ഡില്‍

തേഞ്ഞിപ്പലം: മാലിന്യം തള്ളാനെത്തിയ വാഹനത്തെ നിരീക്ഷിക്കാനായി പിന്തുടര്‍ന്ന നാട്ടുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ രാമനാട്ടുകര സ്വദേശി കളായ മൂന്ന് പേര്‍ റിമാന്‍ഡില്‍.

രാമനാട്ടുകര വൈദ്യരങ്ങാടിയിലെ റഹ്മത്ത് മന്‍സിലില്‍ ഇര്‍ഷാദ്(33),താഴത്ത് വീട്ടില്‍ അഹമ്മദ് ഫര്‍ഹാന്‍(22), തോട്ടുങ്ങലിലെ വലിയ വീട്ടില്‍ മുഹമ്മദ് മുനീഫ് (32)എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് തേഞ്ഞിപ്പലം എസ്.ഐ മാരായ ബിനു തോമസ്,സുബ്രമണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

പെരുവള്ളൂര്‍ പറമ്പില്‍ പീടിക പടിക്കല്‍ റോഡിലെ കുമ്മം തൊടു പാലത്തിന് സമീപം മാലിന്യം തള്ളാനെത്തിയ സംഘത്തെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെയാണ് കാറിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചത്. സംഭത്തിന്റെ പിറ്റേ ദിവസം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം അക്രമികള്‍ സഞ്ചരിച്ച കാറിന്റെയും മാലിന്യവണ്ടിയുടെയും നമ്പര്‍ തേടിയിറങ്ങിയ നാട്ടുകാര്‍ സഞ്ചരിച്ച കാറിന നേരെയും മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമമഴിച്ച് വിടുകയും കാറിന്റെ ടയര്‍ കുത്തിക്കീറുകയും ചെയ്തു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പള്ളിക്കല്‍ ബസാറില്‍ കാറുപേക്ഷിച്ച് യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ രഹസ്യ പിന്തുണയാണ് മാലിന്യം തള്ളാനെത്തിയ ക്രിമിനല്‍ സംഘത്തിന് സഹായകരമായതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത പക്ഷം തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു..സംഭവവുമായിബന്ധപ്പെട്ട് മാലിന്യ മാഫിയാ സംഘത്തെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും ഇത്തരക്കാര്‍ക്ക് സഹായം ചെയ്യുന്ന തേഞ്ഞിപ്പലം പൊലീസിന്റെ കുറ്റകരമായ അനാസ്ഥ ബോധ്യപ്പെടുത്തിയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും മുച്ചിക്കല്‍ സ്‌നേഹ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

Related Articles