സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.

ഇന്നലെ കൊച്ചിയിലും പീരുമേടും 21 സെ.മി. വീതം മഴ ലഭിച്ചു. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 20 സെ.മി. മഴയാണ്. ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും കാറ്റിന്റെ സഞ്ചാരം. അതേസമയം കേരളതീരത്ത് 55 കി.മി. വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തമിഴ്നാട്, ഗോവ തീരങ്ങളിലും ശക്തമായ മഴയുണ്ടാകും. ചൊവ്വാഴ്ച ഉച്ചയോടെ ഗുജറാത്തിലെ പോര്‍ബന്തറില്‍ ടൗട്ടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. ഗുജറാത്ത് തീരങ്ങളില്‍ സുരക്ഷയൊരുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സേന ഭുവനേശ്വറില്‍ നിന്ന് പുറപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘം സജ്ജമാണ്.

 

Share news
error: Content is protected !!
Scroll to Top