താനൂര്‍ : കുഴല്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് കുഴിക്കുള്ളില്‍ അകപ്പെട്ട യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടയില്‍ രക്ഷപ്പെടുത്തി. കോര്‍മന്‍ കടപ്പുറം ചേക്കാമാടത്ത് റസാക്ക് (25) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബുധനാഴ്ച പകല്‍ 11 മണിയോടെ ചീരാന്‍ കടപ്പുറം പമ്പ് ഹൗസിന് സമീപമാണ് സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുന്‍ഭാഗത്ത് കുഴല്‍ കിണറിന് കുഴിയെടുക്കവെയാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് യുവാവ് കുഴിയില്‍ അകപ്പെട്ട് പോവുകയായിരുന്നു.
കഴുത്തറ്റം മണ്ണ് മൂടിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമം പാരജയപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്. ഇയാളെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




