ഉഷ്ണതരംഗം: മലപ്പുറം ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

 ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പടുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടിവിച്ചു. ചൂടിലെ വർധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കാരണമായേക്കാവുന്നതുമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ നിർദേശങ്ങൾ കർശനമായി  പാലിക്കണമെന്ന് ജില്ലാ  കളക്ടർ ഓർമിപ്പിച്ചു.

പൊതുജനങ്ങൾക്കുള്ള പ്രധാന ജാഗ്രത നിർദേശങ്ങൾ

പകൽ 11 മുതൽ വൈകുന്നേരം 

മൂന്നു വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും ഒഴിവാക്കുക. ലോക്ക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ്. ആയതിനാൽ പകൽ സമയത്ത് ജനങ്ങൾ സ്വയം ലോക്ക്ഡൌൺ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഹൃദ്രോഗം. പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ എന്നിവർ പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. ഉഷ്ണം ഇവരുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.

 തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. ശരീരം തണുപ്പിക്കാനും ശ്രമിക്കണം. പുറം പണികളിൽ ഏർപ്പെടുന്നത് പകൽ സമയത്ത് പൂർണ്ണമായി ഒഴിവാക്കണം. വീട്ട് ജോലിയിൽ ഉൾപ്പെടെ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ അൽപസമയം വിശ്രമിക്കാനും കൂടി ശ്രദ്ധിക്കണം. ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

ഒഴിവാക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. പാദരക്ഷകൾ ധരിക്കണം. സൺഗ്ലാസുപയോഗിക്കാൻ സാധിക്കുന്നവർ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. 

തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തിൽ കാണുകയാണെങ്കിൽ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്യേണ്ടതാണ്.

ഹോട്ടലുടമകൾ, കുടുംബശ്രീ, യുവജന-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായൊക്കെ സഹകരിച്ചു കൊണ്ട് കുടിവെള്ള വിതരണം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ ഇത്തരം സൗകര്യങ്ങൾ ശുചീകരിക്കുകയും വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വേണം.

തുറസ്സായ സ്ഥലത്തുള്ള പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ, സെലക്ഷൻ പ്രോസസ്സുകൾ, തൊഴിൽമേളകൾ തുടങ്ങി എല്ലാം പുറം പരിപാടികളും പകൽ 11 മുതൽ മൂന്നു വരെയുള്ള സമയങ്ങളിൽ കർശനമായി ഒഴിവാക്കണം. വിശ്രമിക്കാനുള്ള തണൽ ഇടങ്ങളും തണ്ണീർ പന്തലുകളും ഒരുക്കാൻ ശ്രമിക്കണം. 

ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും സമയക്രമീകരണം നടത്തണം. തീപിടുത്ത സാധ്യത വർദ്ധിക്കുമെന്നതിനാൽ തന്നെ അതീവ ജാഗ്രത ഉത്സവങ്ങളുമായും മറ്റ് പൊതുപരിപാടികളുമായും ബന്ധപ്പെട്ടും വ്യാപാര മേഖലയിലും പുലർത്തേണ്ടതാണ്. വെടിക്കെട്ടുകൾ, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കാൻ നിർദേശിക്കുന്നു.

കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം. മൃഗങ്ങൾക്കും കഠിന ചൂട് അസ്വസ്ഥതകൾ സൃഷ്ടിക്കും എന്നതിനാൽ വന്യജീവി ആക്രമണം, തെരുവ് നായ ആക്രമണം ഒക്കെ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. വളർത്തു മൃഗങ്ങൾക്കും അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്കും വെള്ളവും ഭക്ഷണവും നൽകാൻ ശ്രദ്ധിക്കണം. വീട്ടിലെ മൃഗങ്ങൾക്ക് തണൽ ഒരുക്കുകയും പകൽ സമയത്ത് മേയാൻ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം.

ഉഷ്‌ണതരംഗ മുന്നറിയിപ്പിനെ വളരെ ഗൗരവത്തോടെ കാണുകയും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയും വേണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top