വൻ മയക്കുമരുന്ന് കടത്ത് പിടികൂടി

കോഴിക്കോട് : സംസ്ഥാന എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് പന്തിരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്ന് കടത്ത് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവർ എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിൽ 3.3 കിലോഗ്രാം മെത്താംഫിറ്റാമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളും പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിനു വിപണിയിൽ 3.5 കോടി രൂപയ്ക്ക് മേൽ വില വരുന്നതാണ്.

രാജസ്ഥാനിൽ നിന്നും റോഡ് മാർഗം കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് വാഹനത്തിന്റെ ബോണറ്റിനുള്ളിൽ ഡാഷ്‌ബോർഡിനോട് ചേർന്ന രഹസ്യ അറയിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. ഒമ്പത് പൊതികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കച്ചേരിക്കൽ സ്വദേശിയായ 35 കാരനായ ഷഫീഖ് പി. കെ., കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിൽ ചെറുകാട്ടിൽ സ്വദേശിനിയായ ഫാത്തിമ നസ്‌റിൻ (20) എന്നിവരെ അറസ്റ്റ് ചെയ്തു. ഷഫീഖ് മുൻപ് NDPS കേസുകളിൽ പ്രതിയായിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ കേസുകൾ നിലവിലുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ, മലപ്പുറം ചേമ്പ്ര പ്രദേശത്തേക്കാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മംഗളൂരുവിൽ നിന്നുള്ള കുടുംബയാത്രയെന്ന വ്യാജേന സംശയം ഒഴിവാക്കുന്നതിനായിട്ടാണ് ഫാത്തിമ നസ്‌റിനെ വാഹനത്തിൽ യാത്രക്കാരിയായി ഉൾപ്പെടുത്തിയത്.

സംഭവത്തിൽ മറ്റു വ്യക്തികൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസ് കോഴിക്കോട് നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് വിശദമായ തുടർ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്തിട്ടുള്ള മയക്കുമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല തുടങ്ങിയവ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top