പാളം കുരുക്കിട്ട പാത, ഇനിയും ഈ കുരുക്കഴിക്കാനായില്ലേ?

Tanur SP (1)താനൂര്‍: തെയ്യാല റോഡിന് റെയില്‍വെ മേല്‍പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയില്‍ തന്നെ ഏറ്റവും അടിയന്തിരമായി നടപ്പില്‍ വരുത്തേണ്ട ഒന്നാണ് താനൂരിലെ തെയ്യാല റോഡ് റെയില്‍വെ മേല്‍പാലം. റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗം അവസാനിക്കുന്നിടത്താണ് തെയ്യാല റോഡ് റെയില്‍വെ ഗെയിറ്റ്. സ്റ്റേഷനില്‍ മൂന്ന് പ്ലാറ്റ്‌ഫോമുകളിലും പാസഞ്ചര്‍, എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിനുകള്‍ അടക്കം നിര്‍ത്തുന്നതിനാല്‍ സദാസമയവും ഗെയിറ്റ് അടക്കലും തുറക്കലുമാണ്. വളരെ ചെറിയ സമയത്തിനുള്ളില്‍ ഈ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒപ്പം വാഹനങ്ങള്‍ ഗെയിറ്റില്‍ ചെന്നിടിക്കുന്നതും പതിവായിരിക്കുകയാണ്.

മേല്‍പാലത്തിന്റെ അഭാവം കാരണം കെ.എസ്.ആര്‍.ടി.സി, മറ്റുദീര്‍ഘ ദൂര സ്വകാര്യ ബസുകള്‍ ഒന്നും തന്നെ ഇതുവഴി സര്‍വീസ് നടത്തുന്നില്ല. കുന്നുംപുറം, തെയ്യാല, കൊടിഞ്ഞി, വെന്നിയൂര്‍ പ്രദേശവാസികള്‍ക്ക് ജില്ലാ ആസ്ഥാനത്തെത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗമാണ് ഇതുമൂലം തടസ്സപ്പെട്ടിരിക്കുന്നത്.
മത്സ്യബന്ധനവും അതിന്റെ കയറ്റുമതിക്കുമായി മുന്‍പ് കോഴിക്കോട് വിട്ടാല്‍ പ്രധാന ട്രെയിനുകള്‍ നിര്‍ത്തിയിരുന്ന ഏക സ്റ്റേഷന്‍ താനൂരായിരുന്നു. അതുകൊണ്ടുതന്നെ ചരക്കിറക്കലും കയറ്റുമതിക്കുമായി ഒരുപാട് സമയം ട്രെയിനുകള്‍ക്ക് നിര്‍ത്തേണ്ടി വരുന്നതിനാല്‍ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ലെവല്‍ക്രോസില്‍ കുടുങ്ങുന്നതു കാരണം നിത്യേന ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

ജില്ലയുടെ ആസ്ഥാനത്ത് നിന്ന് അറബിക്കടലിന്റെ തീരദേശങ്ങളില്‍ വളരെ പെട്ടെന്ന് എത്താന്‍ കഴിയുന്ന പാതയായതിനാല്‍ ദേശീയ സുരക്ഷക്കും പരമപ്രധാനമായ പാതയായി ഇതുമാറും. അതുപോലെ എന്‍.എച്ച് 17ല്‍ എത്തിച്ചേരുന്നതിനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. തെയ്യാല റെയില്‍ഗേറ്റ് കടന്നുവേണം കാട്ടിലങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, എസ്.എസ്.എം എച്ച്.എസ്, കാട്ടിലങ്ങാടിലെ നെയ്ത്തുഗ്രാമം എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍. ലെവല്‍ ക്രോസിന്റെ അറ്റകുറ്റപണി നടക്കുമ്പോള്‍ ഇവയെല്ലാം ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. റെയില്‍വെ ബോര്‍ഡ് അംഗീകരിക്കുകയും രണ്ട് തവണ ബജറ്റില്‍ പരാമര്‍ശിക്കുകയും ഒരു തവണ ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താനൂരിനോട് ജനപ്രതിനിധികള്‍ കാണിക്കുന്ന നിസംഗത പ്രദേശത്തിന്റെ വികസന മുരടിപ്പിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Share news
error: Content is protected !!
Scroll to Top