Section

malabari-logo-mobile

താനൂര്‍ പൊലീസ് വലയിലാക്കിയത് കോടികളുടെ തട്ടിപ്പു സംഘത്തെ

HIGHLIGHTS : Tanur police nabbed crores of swindlers

താനൂര്‍: പരാതി ലഭിച്ച് ആറു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ താനൂര്‍ ഡിവൈഎസ്പിയും സംഘവും പിടികൂടിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘം നടത്തിയത് കോടികളുടെ തട്ടിപ്പ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍. നാലുവര്‍ഷത്തിലേറെയായി തുടരുന്ന തട്ടിപ്പ് വിവരങ്ങളാണ് പുറത്ത് വന്നത്. പ്രതികളെ പിടി കൂടിയതറിഞ്ഞ് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നാണ് താനൂരില്‍ പരാതിയുമായി എത്തിയത്.

കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ എന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് താനൂര്‍ സ്വദേശിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘം പിടിയിലാകുന്നത്. കോട്ടയം വേലൂര്‍ സ്വദേശി പലമാറ്റം വീട്ടില്‍ മുത്തു സരുണ്‍ (32), പാണ്ടിക്കാട് കോളപ്പറമ്പ് പുതില്ലതുമാടം രാഹുല്‍ (24), റാന്നി മക്കപ്പുഴ സ്വദേശി കാഞ്ഞിരത്തമലയില്‍ ജിബിന്‍(28), ശ്രീവിളിപുത്തൂര്‍ കാളിയമ്മന്‍ കോവില്‍ വീരകുമാര്‍(33) എന്നിവരെയാണ് താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജിയും സംഘവും തമിഴ്‌നാട്ടിലെ വിരുദ്ധ നഗറില്‍ വച്ച് പിടികൂടിയത്.

sameeksha-malabarinews

വിശദമായി ചോദ്യം ചെയ്യുന്നതിനായി ചൊവ്വാഴ്ചയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കോയമ്പത്തൂരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന മുത്തു സരുണ്‍ 2016ല്‍ കോയമ്പത്തൂരില്‍ നിന്നും പരിചയപ്പെട്ട ഒരാളുമായി ചെന്നൈ സ്വദേശിയെ പറ്റിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇതില്‍ 68000 രൂപ ലഭിച്ചതോടെ തട്ടിപ്പില്‍ തുടര്‍ന്നു. 2017 ല്‍ ചെന്നൈ സ്വദേശിയായ മറ്റൊരാളില്‍ നിന്നും 40 ലക്ഷം തട്ടിയെടുത്തു.

രാഹുല്‍, ജിബിന്‍ എന്നിവര്‍ സരുണിന്റെ സുഹൃത്തുക്കളാണ്. കോയമ്പത്തൂരില്‍ വച്ച് കാര്‍ കച്ചവട ബന്ധമാണ് വീരകുമാറുമായുള്ളത്. തട്ടിപ്പ് നടത്തുന്നതിനായുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി മുത്തു സരുണിനും കൂട്ടാളികള്‍ക്കും കൊടുക്കുന്ന ജോലിയാണ് വീരകുമാറിന്റേത്. ഇതിന്റെ ഭാഗമായി അക്കൗണ്ടിലെത്തുന്ന പണത്തിന്റെ 20 ശതമാനം കമ്മീഷന്‍ വീരകുമാറിനുള്ളതാണെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.

സിദ്ധാര്‍ത്ഥ്, മദന്‍ ഗൗരിനാഥ്,മഹേഷ്, ഹരിദാസ് , സാഗര്‍ തുടങ്ങിയ പേരുകളിലാണ് ഇരകളോട് ഇവര്‍ സംസാരിക്കുന്നത്. 2019ല്‍ വണ്‍ ഇന്ത്യ ഫിനാന്‍സ് കമ്പനിയെന്ന പേരില്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയില്‍ നിന്നും 47 ലക്ഷം, തിരൂര്‍ സ്വദേശികളില്‍ നിന്നും ആദിത്യ സ്റ്റാമ്പ് വേണ്ടര്‍ എന്ന പേരില്‍ 4,80,000രൂപ, ഐശ്വര്യ സ്റ്റാമ്പ് വേണ്ടര്‍ എന്ന പേരില്‍ 3,75,000 എന്നിങ്ങനെ തട്ടിയെടുത്തതായി ഇവര്‍ പൊലീസിനോട് പറഞ്ഞു

അധീശ്വര സ്റ്റാമ്പ് വേണ്ടര്‍ എന്ന പേരില്‍ കരമന സ്വദേശിയില്‍ നിന്നും 60,000 രൂപ, ധനവര്‍ഷ ഫിനാന്‍സിന്റെ പേരില്‍ പെരുവണ്ണാമുഴി സ്വദേശിയില്‍ നിന്നും 168,000 രൂപ, കവടിയാര്‍ സ്വദേശിയില്‍ നിന്നും ഒന്നര ലക്ഷം, ബത്ത്‌ലഹേം സ്റ്റാമ്പ് വേണ്ടറിന്റെ പേരില്‍ കൊല്ലം സ്വദേശിയില്‍ നിന്നും 52500 രൂപ, കളമശ്ശേരി സ്വദേശിയില്‍ നിന്നും ഹീരനന്ദാനി ഫിനാന്‍സിന്റെ പേരില്‍ 10ലക്ഷവും തട്ടിയെടുത്തു.

പ്രതികള്‍ക്ക് ചേര്‍പ്പുലശേരി, കരമന, പെരുവന്നമൂഴി, വഞ്ചിയൂര്‍, കളമശ്ശരി, തിരുവനന്തപുരം സിറ്റി സൈബര്‍ പിഎസ് എന്നിവിടങ്ങളില്‍ കേസ് നിലവില്‍ ഉണ്ട് 2019 മുതല്‍ ഈ പ്രതികളെ ഈ കേസുകളിലേക്ക് തിരഞ്ഞു നടക്കുകയായിരുന്നു. കൂടാതെ സംസഥാനത്തിന്റെ എല്ലാ ജില്ലകളിലും പ്രതികള്‍ തട്ടിപ്പു നടത്തിയതിനു പരാതികള്‍ ലഭിച്ചിട്ടുണ്ട്.

പ്രതികള്‍ പല സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി വിവിധ പേരുകളില്‍ ലോണ്‍ കുറഞ്ഞ നിരക്കില്‍ ഓഫര്‍ ചെയ്തു പരസ്യം ചെയ്തു ആളുകളെ സംസാരിച്ചു വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുള്ളത്.

മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചും, മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ബാംഗ്ലൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സഞ്ചരിച്ചുമാണ് പ്രതികളെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജി, എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍, എസ്‌ഐ രാജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ സലേഷ്, സിപിഒമാരായ ജിനേഷ്, പ്രകാശ്, രാജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!