കൈക്കോട്ടും ദേശീയപതാകയും കയ്യിലേന്തി തൗഫീഖിന്റെ പ്രതിഷേധം

താനൂര്‍ :ചെളിപുരണ്ട വസ്ത്രവും, തലയില്‍ പാളത്തൊപ്പിയും, ഒരു കയ്യില്‍ കൈക്കോട്ടും, മറുകൈയ്യില്‍ ദേശീയപതാകയുമായി റോഡിലൂടെ കര്‍ഷകന്‍ നടക്കുന്നതു കണ്ടപ്പോള്‍ നാട്ടുകാര്‍ ഒന്ന് ശങ്കിച്ചു. പിന്നീടാണ് കയ്യിലെ പ്ലക്കാര്‍ഡ് ശ്രദ്ധിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി നടുവില്‍ നാലകത്ത് തൗഫീഖ് നടത്തിയ ഒറ്റയാള്‍ പ്രതിഷേധമായിരുന്നു. തയ്യാലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ നടത്തം താനൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
പനങ്ങാട്ടൂര്‍ ചിന്ത സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ആണ് വേറിട്ട ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മിക്കയിടങ്ങളിലും ആളുകള്‍ കൂട്ടമായി പ്രതിഷേധം നടത്തുമ്പോള്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തി ശ്രദ്ധേയനാവുകയാണ് തൗഫീഖ്.

മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‍ ഇന്നും പ്രയാസം അനുഭവിക്കുകയാണ്, പൗരത്വ ഭേദഗതി നിയമം വരുന്നതോടെ ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് പൗരത്വം തെളിയിക്കാനാവാതെ പ്രയാസപ്പെടും. ഇക്കാരണം കൊണ്ടാണ് പ്രതിഷേധത്തിന് കര്‍ഷകന്റെ വേഷം തെരഞ്ഞെടുത്തതെന്ന് തൗഫീഖ് പറഞ്ഞു.

വഴിയിലുടനീളം ഹര്‍ഷാരവത്തോടെയാണ് നാട്ടുകാര്‍ തൗഫീഖിനെ വരവേറ്റേത്. താനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കര്‍ഷകസംഘം പ്രവര്‍ത്തകരായ കെ രാജഗോപാല്‍, പി വേണു, പി സുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Related Articles