താനൂര്‍: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് താനൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനം പുനരാരംഭിച്ചു.
ആരോഗ്യവകുപ്പും ഫിഷറീസ് വകുപ്പും പോലീസും നഗരസഭ അധികൃതരും ചേര്‍ന്ന് തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിബന്ധനകള്‍ പാലിച്ച് മാത്രമേ മത്സ്യബന്ധനവും വിപണനവും അനുവദിക്കുകയുള്ളൂവെന്നും അധികാരികള്‍ വ്യക്തമാക്കി.
നേരത്തെ ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും വി അബ്ദുറഹിമാന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഹാര്‍ബര്‍ തുറന്നുകൊടുത്തത്.
മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചാല്‍ അത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സാരമായി ബാധിക്കുമെന്നതിനാലാണ് ഇളവ് അനുവദിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും
സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും
സാമൂഹിക അകലം പാലിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
താനൂര്‍ പോലീസ് സി.ഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസും ആര്‍.ആര്‍.ആര്‍.എഫ് സേനാ വിഭാഗവും ഹാര്‍ബര്‍ കേന്ദ്രീകരിച്ചു സുരക്ഷ ഒരുക്കി.




